മൂന്ന് ജോണറിലുള്ള മൂന്ന് രാത്രിയുടെ കഥകൾ പറയുന്ന ആന്തോളജി ചിത്രം ‘ത്രീ നൈറ്റ്സ്’ന് ‘കൂടെ’ ഒടിടി പ്ലാറ്റ്‌ഫോമിൽ മികച്ച പ്രതികരണം. മൂന്ന് കൊച്ചു ചിത്രങ്ങളുമായാണ് ‘ത്രീ നൈറ്റ്സ്’ റിലീസ് ചെയ്തിരിക്കുന്നത്. സദാശിവന്റെ നൈറ്റ് ഡ്യൂട്ടി, മലൈക, ഇൻസൈഡ് എന്നിവയാണ് മൂന്ന് ചിത്രങ്ങൾ.
ജനുവരി ആറിന് ‘കൂടെ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ആയ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയ ചിത്രങ്ങൾ ഒരേ സമയം എല്ലാതരം പ്രേക്ഷരേയും ഒരുപോലെ തന്നെ സംതൃപ്തിപെടുത്തുന്നു. ആന്തോളജിയിൽ ‘സദാശിവന്റെ നൈറ്റ് ഡ്യൂട്ടി’ എന്ന ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് കേരള പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എ.എം. സിദ്ധിഖ് ആണ്. കേരള പോലീസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പോലീസ് ഓഫീസർ ഒരു സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ നൗഫു സ്റ്റാപ്ഡ്, ബൈജു ഭാസ്കർ എന്നിവരാണ് മറ്റു രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, രാജീവ് രാജ്, സിബി തോമസ്, സുരേഷ് ബാബു, ഇന്ദിരാ, അനസ് കടക്കൽ,വിനയ, ഭക്തൻ അടൂർ,ലബീബ് ഹുസൈൻ, സരിത്ത് ജോയ്‌സ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
22 വർഷമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ച് വരുന്ന സ്മാർട്ട് മീഡിയാ കോളേജും ,കേരളത്തിലെ ആദ്യത്തെ vfx സ്റ്റുഡിയോയായ ഡിജിറ്റൽ കാർവിങ്ങും ചേർന്ന് ആരംഭിച്ച ഫിലിം പ്രൊഡക്ഷൻ കമ്പനിയായ സ്മാർട്ട് കാർവിങ്ങിൽ നിന്നും, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മുൻപരിചയമുള്ളവരുടെ പിന്തുണയോടെ പൂർണ്ണമായും ചെയ്ത്, പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ഷൻ, പോസ്റ്റർ, വിഎഫ്എക്സ് ഉൾപ്പെടെ ചെയ്ത് പുറത്തിറക്കുന്ന ആന്തോളജി ചിത്രം കൂടിയാണ് ത്രീ നൈറ്റ്സ്.