തൃശൂർ: 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയശേഷം ദമ്പതികൾ മുങ്ങിയതായി പരാതി. തൃശൂർ വടൂക്കര സ്വദേശി പി ഡി ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആൺമക്കൾ എന്നിവർ നാട്ടുകാരുടെ നിക്ഷേപങ്ങളുമായി മുങ്ങിയെന്നാണ് പരാതി. നാലുപേർക്കുമായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇവർക്കെതിരെ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
എഴുപതു വർഷമായി ധനകാര്യ സ്ഥാപനം നടത്തി പാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ‘ധനവ്യവസായം’ എന്ന പേരിൽ തുടങ്ങിയ പണമിടപാട് സ്ഥാപനത്തിൽ അരണാട്ടുകര, വടൂക്കര ഗ്രാമവാസികളായിരുന്നു നിക്ഷേപകർ. നിക്ഷേപങ്ങൾക്ക് 15 മുതൽ 18 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 8500 രൂപ വരെ കിട്ടും. സാധാരണക്കാർ മുതൽ ബിസിനസുകാർ വരെ ലക്ഷങ്ങൾ നിക്ഷേപിച്ചു. എട്ടും പത്തും വർഷമായി മുടങ്ങാതെ പലിശ കിട്ടിയവരുണ്ട്.
നിക്ഷേപങ്ങൾ മറ്റുള്ളവർക്ക് കൊള്ള പലിശയ്ക്ക് നൽകി ലാഭം കൊയ്യുന്നതായി വിശ്വസിപ്പിച്ച ജോയിയും കുടുംബവും ആഡംബര ജീവിതമാണ് നയിച്ചതെന്നു നാട്ടുകാർ പറയുന്നു. വീട്ടിലെ ആഘോഷത്തിന് കേരളത്തിലെ ഏറ്റവും വലിയ സംഗീത ബാൻഡിനെയാണ് ഇവര്‍ കൊണ്ടുവന്നത്. ആഡംബര വാഹനങ്ങൾ സ്വന്തമാക്കി. രണ്ട് ആഡംബര വീടുകളുണ്ട്. ഒടുവിൽ ബിസിനസ് തകർന്നതോടെ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.