ഒരു രാവിൽ ആഘോഷിച്ചു തീരുന്നതല്ല എരുമേലിയുടെ സാഹോദര്യം. നാളെ രാവിലെ ആകാശത്തു കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നതോടെ, അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ തുടങ്ങുന്നു. സ്വാമി തിന്തകത്തോം, അയ്യപ്പ തിന്തകത്തോം ഈരടികളുമായി പള്ളിയിലെത്തി പുഷ്പവൃഷ്ടി സ്വീകരിച്ച്, വാവരുടെ പ്രതിനിധിയെയും കൂട്ടിയാണു പിന്നീടുള്ള പ്രയാണം. ജനങ്ങളെ ഭയപ്പെടുത്തിയ മഹിഷിയെ അയ്യപ്പൻ നിഗ്രഹിച്ചപ്പോൾ ആളുകൾ ആനന്ദനൃത്തമാടിയതിന്റെ ഓർമ പുതുക്കലാണ് പേട്ടതുള്ളൽ എന്നാണ് ഐതിഹ്യം.
ഉച്ചതിരിഞ്ഞ് ആകാശത്തു നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ, അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളലിനു തുടക്കമാകുന്നു. വാവർ അമ്പലപ്പുഴ സംഘത്തിനൊപ്പം പോയി എന്ന വിശ്വാസത്തിൽ പള്ളിയിൽ പ്രവേശിക്കാതെയാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. വൈകിട്ടോടെ അവരും ധർമശാസ്താ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. മനുഷ്യർ തമ്മിലുള്ള വിശ്വാസത്തിന്റെ മാർദവമാണ് ചന്ദനക്കുടത്തിന്റെയും പേട്ടതുള്ളലിന്റെയും ഉൾക്കാമ്പ്. അത് ആഘോഷമാവാതെ തരമില്ല. മയിലാട്ടം മുതൽ മാപ്പിളപ്പാട്ടു വരെയുണ്ടാകും ആ മേളത്തിൽ.
ചന്ദനക്കുടത്തിനു പൊട്ടുതൊട്ട പോലെ ആഘോഷത്തലേന്നു ദീപാലംകൃതമായി നിൽക്കുകയാണ് നൈനാർ പള്ളി. ദേഹമാസകലം വർണങ്ങൾ വാരിപ്പൂശി, തോളിൽ പേട്ടക്കമ്പും കയ്യിൽ പാണൽച്ചെടിയുമായി പള്ളിപ്പടി കയറിയെത്തുന്നു അയ്യപ്പഭക്തർ. വാവരുടെ സാന്നിധ്യമറിഞ്ഞ്, നാളികേരമുടച്ച്, പള്ളി പ്രദക്ഷിണം വച്ച് പിന്തിരിയാതെ പടിയിറങ്ങുന്നു അവർ. എരുമേലിയിൽ മനുഷ്യർ രണ്ടാണ്ടായി അകന്നു നിന്നത് ശരീരങ്ങൾ കൊണ്ടു മാത്രമാണ്. അതിന്റെ കാരണം സ്നേഹം കുറഞ്ഞതല്ല. കോവിഡ് കാലം വന്നതാണ്! പരസ്പരം കാത്തു നിന്ന ആ കാലത്തിനു ശേഷം അവർ വീണ്ടും ആഹ്ലാദത്തോടെ കെട്ടിപ്പുണരുകയാണ്. ശബ്ദം അപ്പോൾ സംഗീതമാകുന്നു. ഗന്ധം ചന്ദനമാകുന്നു. എരുമേലി വീണ്ടും ഒരുമേനിയാകുന്നു!