മലപ്പുറം: ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തിൽ പങ്കുവെച്ച സിപിഐ നേതാവിന്റെ സ്ഥാപനത്തിന് തീവെച്ചു. വെള്ളിയാഴ്‌ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സി.പി.ഐ. പ്രവർത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
ഇതിന് പിന്നാലെ സൈബർ ആക്രമണം നേരിട്ടിരുന്നു. പ്രഗിലേഷിനെതിരെ സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികിൽ ചായക്കട നടത്തുന്നയാളുമായ ഭഗവാൻ രാജൻ മറുകുറിപ്പുമായി രംഗത്തുവന്നിരുന്നു. ഇതിനിടയിൽ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനത്തിനുനേരെ ആക്രമണവുമുണ്ടായി.
ലൈറ്റുകൾ സൂക്ഷിച്ചിരുന്ന പെട്ടികൾ, ക്ഷേത്രോത്സവങ്ങൾക്കായി തയ്യാറാക്കിയ സ്വാഗതബോർഡുകൾ തുടങ്ങിയവ രാത്രിയിൽ തീവെച്ചു നശിപ്പിച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്. പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.