‘ഇനി ഉത്തര’ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

0
81

അപര്‍ണ ബാലമുരളി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രമാണ് ‘ഇനി ഉത്തരം’. സുധീഷ് രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. രഞ്ജിത് ഉണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസും തീരുമാനിച്ചിരിക്കുകയാണ്.

അപര്‍ണ ബാലമുരളി നായികയായ ‘ഇനി ഉത്തരം’ സീ 5ല്‍  ഡിസംബര്‍ 23 മുതലാണ് സ്‍ട്രീമിംഗ് ചെയ്‍തു തുടങ്ങുക. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് അപര്‍ണാ ബാലമുരളിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകര്‍ന്നു.

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍ എന്നിവരാണ്. പിആർഒ എ എസ് ദിനേശ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി വടക്കേവീട്.

മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാരം അപര്‍ണ ബാലമുരളിക്ക് ആയിരുന്നു.  ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്. സൂര്യ നായകനായ ചിത്രത്തില്‍ ‘ബൊമ്മി’ എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിലെ തന്നെ പ്രകടനത്തിന് സൂര്യയ്ക്കായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‍കാരം. ‘പത്മിനി’ എന്ന ചിത്രവും മലയാളത്തില്‍ അപര്‍ണ ബാലമുരളിയുടേതായി പുറത്തുവരാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here