വാരണാസി : ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടക്കുന്ന കാശി-തമിഴ് സംഗമം സമാപനത്തിലേക്ക് കടക്കുകയാണ്. കാശിയുടെയും തമിഴ്‌നാടിന്റെയും സംസ്‌കാരങ്ങളുടെ കൂടിച്ചേരലിന് ഈ സമ്മേളനം സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാപന സമ്മേളനത്തില്‍ പറഞ്ഞു. രണ്ട് സംസ്‌കാരങ്ങളുടെ ഒത്തുച്ചേരലിനായുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യാനന്തരം മുതല്‍ നടത്തേണ്ടതായിരുന്നുവെന്നും എന്നാല്‍ അത് സാധിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ സംസ്‌കാരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനങ്ങളും മുന്‍സര്‍ക്കാരുകള്‍ നടത്തിയില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് വിവിധ സംസ്‌കാരങ്ങളെ ഏകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
”പ്രധാനമന്ത്രി മുന്നോട്ടു വെച്ച വിവിധ പ്രവർത്തനങ്ങൾ മൂലം രാജ്യത്തെ വിവിധ സംസ്‌കാരങ്ങൾ പുനരുജ്ജീവിക്കപ്പെട്ടു. ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇത്തരം സംഗമങ്ങളിലൂടെയാണ് രാജ്യത്തെ വിവിധ സംസ്‌കാരങ്ങളെക്കുറിച്ച് ജനങ്ങൾ കൂടുതലായി മനസിലാക്കുക”, അമിത് ഷാ പറഞ്ഞു.
കാശി- തമിഴ് സംഗമത്തിലൂടെ രണ്ട് സംസ്‌കാരങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മറ്റ് സംസ്‌കാരങ്ങളെ ഇതുപോലെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഈ സമ്മേളനം തുടക്കമാകുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കാലക്രമേണ വര്‍ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ മാസം ബനാറസ് ഹിന്ദു സര്‍വകലാശാല സന്ദര്‍ശിച്ചത് ഏകദേശം ഒരു ലക്ഷത്തോളം പേരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 19നായിരുന്നു ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി വാരണാസിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാശി-തമിഴ് സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. തമിഴ്നാടും വാരണാസിയും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തമാക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.
യോഗി ആദിത്യനാഥ് സര്‍ക്കാരാണ് പുണ്യനഗരമായ വാരണാസിയില്‍ കാശി-തമിഴ് സംഗമം സംഘടിപ്പിച്ചത്. ദ്രാവിഡ സംസ്‌ക്കാരത്തെക്കുറിച്ചും തമിഴ്നാടിന്റെ ഭക്ഷണരീതികളെ കുറിച്ചും സംഗീതത്തെ കുറിച്ചുമെല്ലാം മനസിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി വാരണാസിയിലെ ആംഫി തിയേറ്റര്‍ ഗ്രൗണ്ടില്‍ തമിഴ്‌നാടിന്റെ സാംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന 75- ഓളം സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. ഇവിടെ തമിഴ്‌നാട്ടിലെ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും കൈത്തറികളും പ്രദര്‍ശിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ പോരാട്ടങ്ങള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. 30 ദിവസം നീണ്ടുനിന്ന കാശി തമിഴ് സംഗമത്തില്‍ 51 സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിച്ചത്.
മീനാക്ഷി ചിത്തരഞ്ജന്റെ ഭരതനാട്യം, തമിഴ്‌നാട്ടിലെ നാടോടി സംഗീതം, ഇരുള വിഭാഗത്തിന്റെ ഉള്‍പ്പെടെ ആദിവാസി നൃത്തങ്ങള്‍, വില്ലുപട്ട എന്ന മ്യൂസിക്കല്‍-സ്റ്റോറി ടെല്ലിംഗ് തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചിരുന്നു. ചരിത്ര നാടകം, ശിവപുരാണം, രാമായണം, മഹാഭാരതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പാവകളിയും ഉണ്ടായിരുന്നു.