മോളിയിപ്പോൾ ലോക സഞ്ചാരത്തിലാണ്

0
93

ഇരുമ്പനം: പ്രതിസന്ധികളെ മറികടക്കാൻ ഇച്ഛാശക്തി മാത്രമായിരുന്നു കൈമുതൽ. ലോകസഞ്ചാരമെന്ന സ്വപ്നം മനസ്സിൽ അണയാതെ കൊണ്ടുനടക്കുമ്പോഴും പ്രതിസന്ധികൾ മുന്നിൽത്തന്നെയുണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം മുന്നോട്ടുള്ള വഴിയിൽ ഇരുട്ടു മാത്രം. കരഞ്ഞുതീർക്കാതെ മുന്നോട്ടുതന്നെ പോകാനായിരുന്നു ചിത്രപ്പുഴ ഒലിപ്പുറത്ത് വീട്ടിൽ മോളിയുടെ തീരുമാനം. കഠിനാധ്വാനത്തിലൂടെ ജീവിതം മെല്ലെ കരുപ്പിടിപ്പിച്ചു. മക്കളെ പഠിപ്പിച്ചു, അവരുടെ വിവാഹം നടത്തി. അതിനു ശേഷമാണ് മോളി തന്റെ സ്വപ്നത്തിലേക്കു പറന്നുതുടങ്ങിയത്. ഇപ്പോൾ 10ലധികം രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ സന്തോഷത്തിലാണ് ചിത്രപ്പുഴയിൽ പലചരക്കുകട നടത്തുന്ന 61കാരിയായ മോളി.

2004ലാണ് മോളിയുടെ ഭർത്താവ് ജോയി, ഹൃദയസംബന്ധമായ അസുഖംമൂലം മരിച്ചത്. കൂലിപ്പണിക്കാരനായിരുന്ന ഭർത്താവിന്റെ മരണശേഷം കുടുംബത്തിന്റെ ചുമതല മോളിയുടെതായി. വീടിനോട് ചേർന്നുള്ള പലചരക്ക് കടയായിരുന്നു ഏക വരുമാനമാർഗം. കട കുറച്ചുകൂടി മെച്ചപ്പെടുത്തി. കൂടുതൽ സമയം തുറന്നുവെച്ചു. ഇടറോഡിൽ അന്ന് കൂടുതൽ കടകൾ ഇല്ലാതിരുന്നതിനാൽ നല്ല കച്ചവടം കിട്ടി, നാട്ടുകാരുടെ പിന്തുണയും.

2012ലാണ് ആദ്യ യാത്ര, യൂറോപ്പിലേക്ക്. ജർമനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, വത്തിക്കാൻ തുടങ്ങി യൂറോപ്പിലെ വിവിധ രാജ്യങ്ങൾ കറങ്ങി തിരിച്ചെത്തി. ട്രാവൽ ഏജൻസി വഴിയായിരുന്നു ആദ്യ യാത്ര. ആദ്യ യാത്രയിൽ കിട്ടിയ സമാന ചിന്താഗതിക്കാരായ നിരവധി കൂട്ടുകാരുടെ സഹായം പിന്നീടുള്ള യാത്രകൾക്ക് തുണയായി.

2015ൽ സിങ്കപ്പൂർ, മലേഷ്യ യാത്രകൾ. 2017ൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അടുത്തറിഞ്ഞു. ഡൽഹി, ആഗ്ര, ജയ്പുർ തുടങ്ങിയ നഗരങ്ങൾ കറങ്ങിയശേഷം 2019ൽ വീണ്ടും 15 ദിവസം യാത്രയ്ക്കായി ഇംഗ്ലണ്ട്, പോളണ്ട്, ബെൽജിയം, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്ക്. ഇതിനിടയിൽ ആംസ്റ്റർഡാമിൽ നിന്ന് റോമിലേക്ക് കപ്പൽയാത്ര. രണ്ടുദിവസത്തെ കപ്പൽയാത്ര തന്ന ആഴക്കടൽയാത്രയുടെ അനുഭവങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്.

2021ലാണ് അമേരിക്കൻ യാത്ര. വിദേശയാത്രകൾക്ക് മുമ്പുതന്നെ ദക്ഷിണേന്ത്യയിലെ മിക്കവാറും വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടുകഴിഞ്ഞിരുന്നു. പ്രാദേശികമായ വിനോദയാത്രകൾക്ക് ഒപ്പംപോയാണ് മോളി യാത്രകൾ തുടങ്ങുന്നത്.

പോയ സ്ഥലങ്ങളെ കുറിച്ചും യാത്രാനുഭവങ്ങളെ കുറിച്ചും മോളി തന്റെ ചെറു ഡയറിയിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട്. യാത്രകൾക്കായി ഒരുരൂപ പോലും മറ്റൊരാളിൽ നിന്ന് വാങ്ങിയിട്ടില്ല. സ്വന്തം അധ്വാനത്തിൽ നിന്നു സ്വരൂപിച്ച തുക മാത്രമാണത്. 10 ലക്ഷത്തോളം രൂപ ഇതുവരെ യാത്രയ്ക്കായി ചെലവഴിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here