ഒരു വിദേശസർവകലാശാലയിൽ പി.എച്ച്ഡിക്ക് ഫെലോഷിപ്പോടെ പ്രവേശനം ലഭിക്കുക എന്നത് ഇന്നൊരു വാർത്തയല്ല. പക്ഷേ, അച്ഛനൊപ്പം മുംബൈ തെരുവുകളിൽ പൂക്കൾ വിറ്റുനടന്ന സരിതമാലി എന്ന പെൺകുട്ടിക്ക് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ കാലിഫോർണിയ സർവകലാശാലയിൽ ഗവേഷണത്തിനായി പ്രവേശനം ലഭിച്ചുവെന്നത് വാർത്തതന്നെയാണ്. കാരണം കഷ്ടപ്പാടാണ് സരിതയുടെ ഊർജം. പ്രതിസന്ധികളാണ് മുന്നോട്ടുള്ള പാത തെളിച്ചത്.
കൈയിലൊരു പൂക്കൂടയുമായി മുംബൈ നഗരവീഥികളിലും തിരക്കേറിയ ട്രാഫിക് സിഗ്നലുകളിലും അവളുണ്ടായിരുന്നു. ദിവസം 300 രൂപയെന്നത് ആ കുഞ്ഞുകൈകൾക്ക് അന്നത്തെ അന്നത്തിനുള്ള വകയായിരുന്നു. കഷ്ടപ്പാടിനിടയിലും അരവയർ മുറുക്കിയവൾ പഠിച്ചു കയറി. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായ ജെ.എൻ.യുവിൽ പി.എച്ച്ഡി സ്കോളറാണ് സരിത. ജെ.എൻ.യുവിലെ ഇന്ത്യൻ ഭാഷാ സെന്ററിൽ ഹിന്ദിയിൽ എം.എയും എം.ഫിലും പൂർത്തിയാക്കിയ സരിതമാലി ഇവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ പി.എച്ച്.ഡി സ്കോളറാണ്.
‘ എല്ലാവരുടെ ജീവിതത്തിലും ഉയർച്ച താഴ്ചകളുണ്ട്. അതിൽ പ്രതിസന്ധികളുടെയും കഷ്ടതകളുടെയും ജീവിതകഥകളുമുണ്ട്. നിർഭാഗ്യവശാലോ ഭാഗ്യവശാലോ എന്നറിയില്ല, പ്രശ്നങ്ങൾ എന്നും എന്റെ കൂടെത്തന്നെയുണ്ടായിരുന്നു’- സരിതാമാലി പറയുന്നു.
ഉത്സവസീസണുകൾ എന്നാൽ കുട്ടിക്കാലത്ത് സരിതാമാലിക്ക് സന്തോഷത്തിന്റെ കാലമാണ്. ഗണേശ ചതുർത്ഥി, ദീപാവലി, ദസറ… ഉത്സവസീസണുകൾ പൂക്കൾക്ക് നല്ല ഡിമാന്റാണ്. അന്ന് അച്ഛനൊപ്പം കച്ചവടത്തിൽ സജീവമായി സരിതയുണ്ടാകും. വലുതായപ്പോഴും അതിനൊരു മാറ്റവുമില്ല. ജെ.എൻ.യുവിൽ നിന്ന് അവധിക്ക് നാട്ടിലെത്തുമ്പോൾ പൂമാലകളുണ്ടാക്കി അച്ഛനെ സഹായിക്കലാണ് സരിതയുടെ പ്രധാനജോലി. അമ്മയും അച്ഛനും സഹോദരിയും രണ്ട് സഹോദരന്മാരും ഉൾപ്പെടുന്ന ആറംഗ കുടുംബത്തിന്റെ ഏക ആശ്രയം അച്ഛന്റെ വരുമാനമാണ്.
കോവിഡ് കാലം ഈ കുടുംബത്തെയും സാരമായി ബാധിച്ചു. പൂക്കളിലേക്ക് കൺ തുറന്ന ഓരോ പ്രഭാതവും പിന്നെ ഓർമ്മമാത്രമായി. ആ പ്രതിസന്ധിയും പക്ഷേ മുന്നോട്ടേയ്ക്കുള്ള ഊർജമായാണ് സരിത കണക്കാക്കിയത്. പ്രശ്നങ്ങളോരോന്നും കഠിനാധ്വാനം കൊണ്ടവർ മറികടന്നു. കുടുംബത്തിന്റെ പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് സരിത പറയുന്നു.
‘ജെഎൻയുവിൽ പ്രവേശനം ലഭിച്ചതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ഇവിടെയായിരുന്നില്ലെങ്കിൽ ഇന്ന് ഞാനാരായിരിക്കുമെന്നോ എവിടെയായിരിക്കുമെന്നോ ഒരു പിടിയുമില്ല. ജെഎൻയു പോലെയുള്ള ഒരു സർവകലാശാല എന്നെപ്പോലെ താഴെത്തട്ടിൽ നിന്ന് വരുന്നവർക്ക് തരുന്ന പ്രതീക്ഷകൾ ചെറുതല്ല.’