രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരെ കേരളം കൂറ്റന്‍ സ്കോറിലേക്ക്.

0
65

റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരെ കേരളം കൂറ്റന്‍ സ്കോറിലേക്ക്.ആറ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ കേരളം അക്ഷയ് ചന്ദ്രന്‍റെ അപരാജിത സെഞ്ചുറിയുടെയും സിജോമോന്‍ ജോസഫിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 407 റണ്‍സെന്ന ശക്തമായ നിലയിലാണ്. 100 റണ്‍സുമായി അക്ഷയ് ചന്ദ്രനാണ് ക്രീസില്‍. സിജോമോന്‍ ജോസഫ് 83 റണ്‍സെടുത്ത് പുറത്തായി.

ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 39 റണ്‍സെടുത്തിരുന്ന അക്ഷയ് ചന്ദ്രന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് കരുത്തായത്. 28 റണ്‍സെടുത്തിരുന്ന സിജോമോന്‍ അര്‍ധസെഞ്ചുറിയമായി അക്ഷയിന് മികച്ച കൂട്ടായി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 171 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 222 റണ്‍സില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും 393ലാണ് വേര്‍പിരിഞ്ഞത്.

സിജോമോനെ പുറത്താക്കി ഷഹബാസ് നദീമാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ബേസില്‍തമ്പിക്കൊപ്പം ചേര്‍ന്ന് കേരളത്തെ 400 കടത്തിയ അക്ഷയ സെഞ്ചുറിയിലേക്ക് എത്തി. ലഞ്ചിന് തൊട്ടു മുമ്പ് ബേസിലിനെ നദീം പുറത്താക്കിയതോടെ രണ്ടാം ദിനം ലഞ്ചിന് പിരിഞ്ഞു. ജാര്‍ഖണ്ഡിനായി നദീം അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഉത്കര്‍ഷ് സിംഗ് രണ്ട് വിക്കറ്റെടുത്തു.

ആദ്യ ദിനം രോഹന്‍ പ്രേം (79), രോഹന്‍ കുന്നുമ്മല്‍ (50), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (72) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കേരളത്തിന് കരുത്തായത്.രോഹന്‍ പ്രേം (79)- രോഹന്‍ കുന്നുമ്മല്‍ (50) സഖ്യം മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രോഹന്‍ കുന്നുമ്മല്‍ പുറത്തായി. ഷഹ്ബാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഒരു സിക്‌സും അഞ്ച് ഫോറും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. പിന്നീടെത്തിയ ഷോണ്‍ ജോര്‍ജ് (1), സച്ചിന്‍ ബേബി (0) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here