ഹിമാചലില്‍ മഴക്കെടുതി തുടരുന്നു ;

0
65

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതി തുടരുന്നു. സമ്മര്‍ ഹില്‍ മേഖലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയതോടെ
സംസ്ഥാനത്ത് ഇതുവരെ 77 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലോളം പേര്‍ ഇപ്പോഴും ക്ഷേത്ര അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്നാണ് കരുതുന്നതെന്ന് ഷിംല എസ്പി സഞ്ജീവ് കുമാര്‍ ഗാന്ധി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കനത്ത മഴയില്‍ മനുഷ്യജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് ഹിമാചലിനെ പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ മലയോര മേഖലയില്‍ കനത്ത മഴ പെയ്യുകയാണ്. ഷിംല ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകള്‍ തകര്‍ന്നവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.

ജൂണ്‍ 24 ന് ഹിമാചല്‍ പ്രദേശില്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം, മഴക്കെടുതിയില്‍ 220 പേര്‍ മരിക്കുകയും 11,637 വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകരുകയും ചെയ്തതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. സംസ്ഥാനത്ത് 600 ലധികം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. അതില്‍ 550 എണ്ണം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. മഴക്കെടുതിയില്‍ 408 ട്രാന്‍സ്‌ഫോര്‍മറുകളും 149 ജലവിതരണ പദ്ധതികളും തകരാറിലായി. കാന്‍ഗ്ര ജില്ലയിലെ വെള്ളപ്പൊക്ക സാധ്യതയുളള മേഖലകളില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2,074 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here