ഇന്ത്യ-ചൈന സംഘർഷം: ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അമേരിക്ക,

0
63

ദില്ലി: ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗൺ വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനിക നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നുവെന്ന് പെന്റഗൺ വാർത്തകാര്യ സെക്രട്ടറി പാറ്റ് റൈഡർ പറഞ്ഞു. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും പാറ്റ് റൈഡർ വ്യക്തമാക്കി.

ഇതിനിടെ ചൈന അതിർത്തിയിൽ വ്യോമനിരീക്ഷണം കൂട്ടാൻ നിർദേശം. ചൈന കൂടുതൽ ഹെലികോപ്റ്ററുകൾ മേഖലയിൽ എത്തിച്ചതിനെ തുട‍ർന്നാണ് നീരീക്ഷണം കൂട്ടാനുള്ള തീരുമാനം. അരുണാചൽ മേഖലയിലും ദെപ്സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തൽ.  കമാൻഡർതല ചർച്ചയ്ക്കുള്ള നിർദേശം ഇന്ത്യ വീണ്ടും മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ-ചൈന സംഘർഷത്തിൻറേതായി പ്രചരിക്കുന്ന വിഡിയോ ഇപ്പോഴത്തേത് അല്ലെന്ന് സേന വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ വിഷയം ഇന്നും പാർലമെന്‍റിൽ ഉന്നയിക്കാൻ പ്രതിപക്ഷ നീക്കം ഉണ്ട്. വിഷയത്തിൽ സഭ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും ഉണ്ട്. പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയാണ് യോഗം വിളിച്ചത്. എല്ലാ പ്രതിപക്ഷ പാർട്ടികളേയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം.

LEAVE A REPLY

Please enter your comment!
Please enter your name here