തൃശ്ശൂർ: വ്യാജ ഡോക്ടറെ തൃശ്ശൂരിൽ അറസ്റ്റ് ചെയ്തു. ഇസ്ര വെൽനെസ് സെന്റർ ഉടമ ഫാസിൽ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. സന്ധിവേദനയ്ക്ക് ഒപി ചികിൽസയാണ് നടത്തിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ സ്ഥാപനത്തിന് പ്രവർത്തനാനുമതിയില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇവിടേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരെ രോഗികൾ ചികിത്സയ്ക്ക് വന്നതായി കണ്ടെത്തി. രോഗികൾക്ക് നൽകിയിരുന്ന മരുന്നുകളും കണ്ടെടുത്തു. തൃശ്ശൂർ കരുവന്നൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ച് വന്ന സ്ഥാപനമാണിത്. മരുന്നുകൾ പ്രതി വീട്ടിൽ തന്നെ നിർമ്മിച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്.
ഇന്നലെയാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. സംസ്ഥാനത്ത് ഒരു ഡോക്ടർക്ക് പ്രവർത്തിക്കാൻ കേരള സ്റ്റേറ്റ് അലോപ്പതിക്ക് മെഡിക്കൽ കൗൺസിൽ, ആയുഷ് മെഡിക്കൽ കൗൺസിൽ, അല്ലെങ്കിൽ ഹോമിയോപ്പതിക് മെഡിക്കൽ കൗൺസിലിന്റെയോ രജിസ്ട്രേഷൻ ആവശ്യമാണ്. എന്നാൽ ഇതൊന്നും അഷ്റഫിന് ഉണ്ടായിരുന്നില്ല. ഇന്നലെയാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്. രേഖകൾ ഇല്ലെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോ ഹോമിയോപതിക് മെഡിസിൻ എന്നൊരു ഡിപ്ലോമ മാത്രമാണ് ഇയാൾ രേഖയായി കാട്ടിയത്. കപ്പിങ് തെറാപ്പിയാണ് ഈ സ്ഥാപനത്തിൽ ചെയ്ത് വന്നിരുന്നത്. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സംയുക്തമായാണ് പരിശോധന നടത്തിയത്.