ഇറാനിലെ മതാധിഷ്‌ഠിത ഭരണത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലിലായവരില്‍ ഒരാളുടെ കൂടി വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യവ്യാപക പ്രതിഷേധത്തില്‍ സുരക്ഷാ സേനാ ഉദ്യോഗസ്ഥരെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന കുറ്റത്തിനാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് ഇറാന്‍ വിശദമാക്കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ചയാണ് മജിദ്രേസാ റഹ്നാവാര്‍ദ് എന്ന യുവാവിന്‍റെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
നവംബര്‍ 17നായിരുന്നു ഇയാള്‍ സുരക്ഷാ സേനാംഗത്തെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് ഭരണകൂടം വിശദമാക്കുന്നത്. കഴിഞ്ഞ ആഴ്ച ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിന്‍റെ വധശിക്ഷ നടപ്പിലാക്കിയതില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണ് രണ്ടാമത്തെ വധശിക്ഷ ഇറാന്‍ നടപ്പിലാക്കുന്നത്. 1979 ഇസ്ലാമിക വിപ്ലവത്തിന് ശേഷം നടപ്പിലായിരുന്ന മതാധിഷ്ഠിത ഭരണത്തെ ചോദ്യം ചെയ്തതിനായിരുന്നു ആദ്യ വധശിക്ഷ. അടുത്തിടെ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെയും ഇത്തരത്തില്‍ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്ന ആശങ്കയിലാണ് ആക്ടിവിസ്റ്റുകളുള്ളത്. പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായതിന് വധശിക്ഷ ലഭിച്ചിട്ടുള്ള നിരവധിപ്പേരാണ് ഇറാനിലെ ജയിലുകളിലുള്ളത്.
പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരെയാണ് ഇത്തരത്തില്‍ ശിക്ഷ വിധിച്ച് ജയിലില്‍ അടച്ചിട്ടുളളത്. കഴിഞ്ഞ ആഴ്ച വധശിക്ഷ നടപ്പിലാക്കിയ യുവാവിന് മേല്‍ ആരോപിച്ചിരുന്ന കുറ്റം ദൈവത്തിനെതിരായി യുദ്ധം നടത്തിയെന്നതായിരുന്നു. ഈ കുറ്റത്തിന് യുവാവ് തെറ്റുകരനെന്ന് വിധിക്കുകയായിരുന്നു. 25 സെപ്തംബറിലായിരുന്നു ഇയാള്‍ കുറ്റം ചെയ്തത്. വിചാരണക്കാലത്ത് താല്‍പര്യമുള്ള അഭിഭാഷകനെ തെരഞ്ഞെടുക്കാന്‍ പോലും ഇയാള്‍ക്ക് അനുമതി ലഭിച്ചിരുന്നില്ല. ക്രൂരമായ മര്‍ദ്ദനം ഏറ്റതിന്‍റെ ദൃശ്യമായ അടയാളങ്ങളോടെയാണ് ഇയാളെ വിചാരണയ്ക്ക് എത്തിച്ചത്.
മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹസ അമിനിയുടെ മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രണ്ടുമാസത്തോളമാണ് ഇറാനെ മുള്‍മുനയിലാക്കിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപക വിമര്‍ശനം നേരിട്ടതിന് പിന്നാലെ ഇറാനിലെ മതകാര്യ പൊലീസ് സംവിധാനം ഭരണകൂടം പിരിച്ച് വിട്ടിരുന്നു. സെപ്തംബര്‍ 13 നായിരുന്നു ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പൊലീസ് മഹ്‌സ അമിനിയെ കസ്റ്റഡിയിലെടുത്തത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.