ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ സ്‌പെയിനെതിരെ ജപ്പാന്‍റെ വിജയം

0
53

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ സ്‌പെയിനെതിരെ ജപ്പാന്‍റെ വിജയം നിർണയിച്ച ഗോളിൽ വിവാദം. വാറിലെ പരിശോധനയിൽ ഗോളനുവദിച്ചെങ്കിലും പന്ത് വര കടന്നെന്നാണ് വിമർശനം ഉയർന്നത്. എന്നാൽ ഗോളാകൃതിയിലുള്ള പന്തിന്‍റെ ആംഗിൾ കണക്കാക്കുമ്പോൾ പന്ത് വരയ്ക്ക് മുകളിലാണെന്ന് വ്യക്തമാക്കി റഫറിമാർ വിമർശനം തള്ളുകയാണ്.

ജപ്പാന്‍റെ വിജയമുറപ്പിച്ച രണ്ടാം ഗോൾ ഒറ്റനോട്ടത്തിൽ ഗ്രൗണ്ടിന് പുറത്താണെന്ന് വ്യക്തമാകുന്ന ആംഗിളിൽ നിന്നായിരുന്നു. അസാധ്യ മെയ്‌വഴക്കത്തോടെ മിറ്റോമ റാഞ്ചിയെടുത്ത പന്ത് വലയിലെത്തിച്ച് തനാക ജപ്പാന് ലീഡ് നൽകുകയായിരുന്നു. അസിസ്റ്റന്‍റ് റഫറി പന്ത് പുറത്തുപോയെന്ന് പറഞ്ഞതോടെയാണ് വാർ പരിശോധന നടത്തിയത്. വാറില്‍ ജപ്പാന് അനുകൂലമായി തീരുമാനം. എന്നാൽ ചില ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് എതിരാളികൾ വിമർശനം ഉന്നയിക്കുന്നത്. പന്ത് വര കടന്നെന്നും ഗോളല്ലെന്നുമാണ് വാദം.

എന്നാൽ ഗോളാകൃതിയിലുള്ള വസ്തുവിന്‍റെ ആംഗിൾ പരിശോധിക്കുമ്പോൾ പന്ത് പുറത്തുപോയിട്ടില്ലെന്നാണ് ഫുട്ബോൾ വിദഗ്ധർ തെളിവുകൾ സഹിതം വിശദീകരിക്കുന്നത്. ജർമനിയെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയ ഗോളായതിനാൽ വിവാദം മുറുകുകയാണ്. ജപ്പാൻ സമനിലയായിരുന്നെങ്കിൽ ജർമനിക്ക് പ്രീ ക്വാർട്ടറിലെത്താമായിരുന്നു.

മുൻ ചാമ്പ്യന്മാരായ ജർമനി തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുകയായിരുന്നു. ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിന് സ്പെയിനെ അട്ടിമറിച്ചതോടെയാണ് കോസ്റ്ററിക്കയെ രണ്ടിനെതിരെ നാല് ഗോളിന് തോൽപ്പിച്ചിട്ടും ജർമനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ജപ്പാനൊപ്പം ഗോൾശരാശരിയുടെ മികവിൽ സ്പെയിനും പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ഇയില്‍ ജപ്പാന്‍ ആറ് പോയിന്‍റുമായി ചാമ്പ്യന്‍മാരായപ്പോള്‍ നാല് പോയിന്‍റ് വീതമെങ്കിലും ഗോള്‍ ശരാശരിയില്‍ സ്‌പെയിന്‍ രണ്ടും ജര്‍മനി മൂന്നും സ്ഥാനത്തായി. കോസ്റ്റാറിക്കയാണ് അവസാനം. പ്രീ ക്വാർട്ടറിൽ ജപ്പാൻ ക്രൊയേഷ്യയെയും സ്പെയിൻ മൊറോക്കോയെയും നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here