ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍ അട്ടിമറി. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ടുണീഷ്യ ഒരു ഗോളിന് മലര്‍ത്തിയടിച്ചപ്പോള്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തി. അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രാന്‍സ് ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ അന്‍റോണിയോ ഗ്രീസ്‌മാന്‍ നേടിയ ഗോളില്‍ സമനില നേടിയതിന്‍റെ ആശ്വാസത്തിലായെങ്കിലും വാര്‍ പരിശോധനയില്‍ ഗ്രീസ്‌മാന്‍ നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു. ഇതോടെയാണ് ടുണീഷ്യയുടെ അട്ടിമറിവിജയം സാധ്യമായത്.
തോറ്റെങ്കിലും ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി. മൂന്ന് കളികളില്‍ നാലു പോയന്‍റുമായി ടുണീഷ്യയും മൂന്ന് കളികളില്‍ ഒരു പോയന്‍റ് മാത്രം നേടിയ ഡെന്‍മാര്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താെതെ പുറത്തായി.ലോകകപ്പില്‍ ഇതാദ്യമായാണ് ടുണീഷ്യ ഒരു യൂറോപ്യന്‍ രാജ്യത്തെ തോല്‍പ്പിക്കുന്നത്. അത് നിലവിലെ ലോക ചാമ്പ്യന്‍മാരായത് അവര്‍ക്ക് ഇരട്ടി മധുരമായി.