പെര്‍ത്ത്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനത്തോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി ഓസീസ് സ്റ്റാര്‍ സ്റ്റീവ് സ്‌മിത്ത്. ഇരുവര്‍ക്കും ഇപ്പോള്‍ 29 ടെസ്റ്റ് സെഞ്ചുറികള്‍ വീതമായി. ബ്രാഡ്‌മാന്‍ 52 ഉം സ്‌മിത്ത് 88 ഉം മത്സരങ്ങളിലാണ് ഇത്രയും ശതകങ്ങള്‍ അടിച്ചുകൂട്ടിയത്. 168 ടെസ്റ്റില്‍ 41 സെഞ്ചുറികളുള്ള റിക്കി പോണ്ടിംഗും 168 ടെസ്റ്റില്‍ 32 സെഞ്ചുറികളുള്ള സ്റ്റീവ് വോയും 103 ടെസ്റ്റില്‍ 30 സെഞ്ചുറികളുമായി മാത്യൂ ഹെയ്‌ഡനും മാത്രമാണ് ഓസീസ് താരങ്ങളില്‍ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ സ്‌മിത്തിന് മുന്നിലുള്ളൂ.
ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയാണ് പെര്‍ത്തില്‍ സ്റ്റീവ് സ്‌മിത്ത് നേടിയത്. മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഫാബുലസ് ഫോറില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ ഇതോടെ സ്‌മിത്തിന്‍റെ പേരിലായി. രണ്ടാമതുള്ള ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിന് 28 ഉം മൂന്നാമന്‍ ഇന്ത്യയുടെ വിരാട് കോലിക്ക് 27 ഉം നാലാമന്‍ ന്യൂസിലന്‍ഡിന്‍റെ കെയ്‌ന്‍ വില്യംസണിന് 24 ഉം ടെസ്റ്റ് ശതകങ്ങളാണുള്ളത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ താന്‍ തന്നെയെന്ന് അരക്കിട്ടുറപ്പിച്ചാണ് സ്റ്റീവ് സ്‌മിത്തിന്‍റെ പടയോട്ടം. ടെസ്റ്റിലെ 155 ഇന്നിംഗ്‌സുകളില്‍ 61.48 ശരാശരിയില്‍ 29 സെഞ്ചുറികളും നാല് ഇരട്ട സെഞ്ചുറികളും 36 അര്‍ധ സെഞ്ചുറികളും സഹിതം 8361 റണ്‍സ് സ്‌മിത്ത് സ്വന്തമാക്കിക്കഴിഞ്ഞു.