പാലക്കാട്: ദുരഭിമാനക്കൊലയുടെ ഇരയായിരുന്നു ഇലമന്ദം കൊല്ലത്തറയില്‍ അനീഷ്. ഇതരസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്‍റെ പേരില്‍ 2020 ഡിസംബർ 25ന് അനീഷ് കൊല്ലപ്പെട്ടു. ജീവിതത്തില്‍ അനീഷിന്‍റെ പങ്കാളി ഹരിത ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടലിലും ഒരു തരി ആശ്വാസമാകാന്‍ ഒരു പക്ഷേ സര്‍ക്കാറിന്‍റെ സഹായധനം ഹരിതയെ സഹായിച്ചേക്കാം. ഇതര സമുദായത്തിൽ നിന്നും വിവാഹം ചെയ്തതിന്‍റെ പേരില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ തേങ്കുറുശ്ശിയിൽ ഇലമന്ദം കൊല്ലത്തറയിൽ അനീഷിന്‍റെ ഭാര്യ ഹരിതയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പത്തുലക്ഷം രൂപയാണ് അനുവദിച്ചത്.
അനീഷിന്‍റെ കൊലപാതകം നടക്കുമ്പോൾ ബിബിഎ രണ്ടാം സെമസ്റ്ററിന് പഠിക്കുകയായിരുന്നു ഹരിത. നിലവില്‍ കോഴ്സ് പൂര്‍ത്തിയാക്കി. അനീഷിന്‍റെ രക്ഷിതാക്കൾക്കൊപ്പമാണ് ഇപ്പോള്‍ അനിതയുടെ ജീവിതം. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ ധനസഹായത്തിന് ഹരിതയെ ആദ്യം പരിഗണിച്ചിരുന്നില്ല. ഇത് പിന്നീട് വാര്‍ത്തയായപ്പോള്‍ ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനന്‍റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്.