ദോഹ: ഖത്തര്‍ ലോകകപ്പില്‍ കാനരി പട വിജയത്തോടെ തുടങ്ങി. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സെര്‍ബിയയെ ബ്രസീല്‍ കീഴ്‌പ്പെടുത്തിയത്.
ബ്രസീല്‍ മുന്നേറ്റതാരം റിച്ചാലിസന്റെ 62, 73 മിനിട്ടുകളിലെ ഇരട്ടഗോള്‍ പ്രകടനമാണ് ബ്രസീലിനെ വിജയതീരത്തെത്തിച്ചത്.
ആദ്യ പകുതിയിലെ ഗോള്‍ രഹിത മുന്നേറ്റങ്ങളുടെ ക്ഷീണം തീര്‍ക്കുന്നതായിരുന്നു രണ്ടാംപകുതിയിലെ ബ്രസീലിന്റെ പ്രകടനം. തുടരെ തുടരെയുള്ള ബ്രസീലിയന്‍ ആക്രമണത്തില്‍ സെര്‍ബിയന്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു.
മത്സരത്തിന്റെ 60ാം മിനിറ്റില്‍ അലക്‌സണ്‍ സാന്‍ഡ്രോയൂടെ ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ഒന്നാംപകുതിയില്‍ പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്രസീല്‍ മുന്നിട്ടുനിന്നെങ്കിലും ഗോള്‍ നേടാനായില്ല.