കൃഷി പാഠ്യ പദ്ധതിയുടെ ഭാഗമാക്കണം: സ്പീക്കർ

0
61

കണ്ണൂർ:ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്താൻ പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ: എ എൻ ഷംസീർ. കൃഷി വകുപ്പ് മന്ത്രി നയിക്കുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞം കൃഷിദർശന്റെ ഭാഗമായി പിണറായി കൺവെൻഷൻ സെൻററിൽ സംഘടിപിക്കുന്ന കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്താനുള്ള ചർച്ചകൾക്ക് സർക്കാർ തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ കൃഷിക്കാരിൽ നിന്ന് നേരിട്ട് കേൾക്കുമ്പോഴാണ് ഒരു ഭരണാധികാരിക്ക് കൃത്യമായ നിർദേശങ്ങൾ നൽകാൻ സാധിക്കുക. കാർഷിക മേഖലയിലേക്ക് പൊതുസമൂഹത്തെ തിരിച്ചു വിടാനും കാർഷിക അവബോധം വളർത്താനുമുള്ള കൃഷി വകുപ്പിന്റെ പരിശ്രമം കാണാതെ പോവരുത്.

ഹരിത കേരളം പദ്ധതിയിലൂടെ നല്ല രീതിയിൽ ജനങ്ങളെ കൃഷിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കൃഷിയെ സംരക്ഷിച്ചു പോകാനുള്ള നടപടികൾ സ്വീകരിക്കണം. കൃഷി പ്രോത്സാഹിപ്പിച്ചാൽ മാത്രം പോരാ, കർഷകർ ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് നല്ല വില ലഭ്യമാക്കാനും സാധിക്കണം. ഇത് സാധ്യമായില്ലെങ്കിൽ കർഷകർക്ക് നഷ്ടം വരികയും അവർ ഈ മേഖല വിട്ട് പോകുകയും ചെയ്യും. വിവിധ വകുപ്പുകൾ സംയോജിച്ച് ഇതിനായി സംഭരണ ശാലകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.മൂല്യവർധിത മേഖലയിലെ സംരംഭക സാധ്യതകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ഗവേഷണ കേന്ദ്രങ്ങളുടെ നൂതന സാങ്കേതികവിദ്യകൾ, കാർഷിക യന്ത്രവത്കരണ രംഗത്തെ നൂതന ആശയങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കാർഷിക പ്രദർശനം സംഘടിപ്പിക്കുന്നത്. പരിപാടി 26 ന് സമാപിക്കും.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ മുഖ്യാതിഥിയായി. തലശ്ശേരി നഗരസഭാധ്യക്ഷ കെ എം ജമുനാറാണി ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി ലോഹിതാക്ഷൻ (അഞ്ചരക്കണ്ടി), കെ ഗീത (വേങ്ങാട്), എൻ കെ രവി (ധർമ്മടം), എം പി ശ്രീഷ (എരഞ്ഞോളി), ടി സജിത (മുഴപ്പിലങ്ങാട്), അർജുൻ പവിത്രൻ (ന്യൂമാഹി പ്രസിഡണ്ട് ഇൻ ചാർജ് ), പീലിക്കോട് ആർ എ ആർ എസ് അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ടി വനജ, ഉത്തര മേഖല കെ എ യു അസോസിയേറ്റ് ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. പി ജയരാജ്, ആത്മ പ്രൊജക്റ്റ് ഡയറക്ടർ കെ രഘുകുമാർ, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി വി ശൈലജ, തലശ്ശേരി കൃഷി അസി. ഡയറക്ടർ വിഷ്ണു എസ് നായർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here