ഗവര്‍ണറെ അപമാനിച്ച് ബാനര്‍; അഴിച്ചുമാറ്റി എസ്എഫ്‌ഐ

0
97

തിരുവനന്തപുരം • ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന വാചകങ്ങളുമായി എസ്എഫ്ഐ ബാനർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സർവകലാശാല, കോളജ് അധികൃതരിൽനിന്ന് അധികാരികളിൽനിന്നും വിശദീകരണം തേടാനൊരുങ്ങി രാജ്ഭവൻ. തിരുവനന്തപുരം സംസ്കൃത കോളജിലാണ് ഗവർണറെ അപമാനിക്കുന്ന തരത്തിൽ ബാനർ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ ബാനർ അഴിച്ചുനീക്കി.

സംഭവത്തിൽ കേരള വാഴ്സിറ്റിയോടും കോളജ് പ്രിൻസിപ്പിലിനോടുമാണ് രാജ്ഭവൻ വിശദീകരണം തേടുക. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബാനറിനെക്കുറിച്ച് പ്രിൻസിപ്പലിനോട് വിശദീകരണം ചോദിക്കാൻ വിസി റജിസ്ട്രാർക്ക് നിർദേശം നൽകി. സംഭവം വിവാദമാവുകയും മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് എസ്എഫ്ഐ പ്രവർത്തകർ ബാനർ ‘മുക്കിയത്’.

ദിവസങ്ങൾക്കു മുൻപാണ് കോളജിന്റെ മുൻഭാഗത്തെ ഗേറ്റിനു മുകളിലായി ബാനർ സ്ഥാപിച്ചത്. ‘ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ’ എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്. ബാനർ ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ വിസിയെ വിവരം അറിയിച്ചു. ഫോട്ടോകളും കൈമാറി. തുടർന്നാണ് വിസി റജിസ്ട്രാർ വഴി പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്. പിന്നാലെ എസ്എഫ്ഐ നേതൃത്വം ബാനർ നീക്കാൻ യൂണിറ്റ് ഭാരവാഹികൾക്ക് നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here