ദോഹ: ഉത്സവത്തിമിർപ്പിലാണ് ഖത്തർ. ലുസൈലും അൽബൈത്തും അൽതുമാമയുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിലേക്കാണ് ഖത്തർ അതിഥികളെ വരവേൽക്കുന്നത്. അറേബ്യൻ നാട്ടിലെ പ്രഥമ ഫുട്ബോൾ ലോകകപ്പ്, ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഖത്തർ അമീർ തമീം ബിൻ ഹമദിന്റെ ഭരണകൂടം. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ, ഖത്തറിന്റെ തെരുവുകളിൽ ആരാധകരുടെ ആവേശപ്രകടനങ്ങളും സജീവമായി.
ദോഹ കോർണിഷിലും സൂഖ് വാഖിഫിലും നിറയെ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോയുമാണ്. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങളും. വിവിധ ജേഴ്സികൾ ധരിച്ച ഫുട്ബോൾ പ്രേമികളെക്കൊണ്ട് തെരുവ് മഴവില്ലഴകായി. ആരാധകരുടെ പ്രകടനങ്ങൾ സജീവമാവുകയാണ്. താരങ്ങളുടെ മുഖചിത്രങ്ങളും കട്ടൗട്ടുകളുമായാണ് വിവിധ രാജ്യങ്ങളുടെ ആരാധകർ പൊതുയിടങ്ങൾ കൈയടക്കുന്നത്. മിക്ക പ്രകടനങ്ങൾക്കും നേതൃത്വം നൽകുന്നതും പങ്കെടുക്കുന്നതിലേറെയും മലയാളികളാണ്. പോർച്ചുഗൽ, സ്പെയിൻ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ ആരാധകരും ഖത്തറിലെ തെരുവിൽ ജാഥകളുമായുണ്ട്. ഖത്തറിന്റെ കൊടിപിടിച്ച് ഖത്തറിന് ‘ജയ്’ വിളിക്കാനും ആരാധകർക്ക് മടിയില്ല. ലോകകപ്പ് കാണുന്നതിനായി ദോഹയിലേക്ക് കാണികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ കളി കാണാനെത്തുന്നവരെക്കൊണ്ട് ദോഹയിലിറങ്ങും.