ദില്ലി : വൈക്കോൽ കത്തിച്ചതിന് പഞ്ചാബിൽ ബുധനാഴ്ച മാത്രം രജിസറ്റർ ചെയ്തത് 3,634 കേസുകൾ. ഇത് ഈ സീസണിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലുധിയാന ആസ്ഥാനമായുള്ള പഞ്ചാബ് റിമോട്ട് സെൻസിംഗ് സെന്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം സെപ്റ്റംബർ 15 മുതൽ നവംബർ 2 വരെയുള്ള കാലയളവിൽ വൈക്കോലുകൾക്ക് തീ വച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 21,480 ആയി. 2020-ലും 2021-ലും ഇതേ കാലയളവിൽ പഞ്ചാബിൽ യഥാക്രമം 36,765, 17,921 കൃഷിയിടങ്ങളിൽ തീവച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സ്വന്തം ജില്ലയായ സംഗ്രൂരിൽ 677 കേസുകളും പട്യാലയിൽ 395, ഫിറോസ്പൂരിൽ 342, ബട്ടിൻഡയിൽ 317, ബർണാലയിൽ 278, ലുധിയാനയിൽ 198, മാൻസയിൽ 191, മോഗയിൽ 173 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുക്ത്സർ, ഫരീദ്കോട്ടിൽ 167 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പഞ്ചാബിലും ഹരിയാനയുടെ ചില ഭാഗങ്ങളിലും വൈക്കോൽ കത്തിച്ച സംഭവങ്ങളാണ് ദില്ലിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബുധനാഴ്ച, ദില്ലി വായു ഗുണനിലവാര സൂചിക (എക്യുഐ) 376 ൽ എത്തി. ചൊവ്വാഴ്ച 424 ൽ നിന്ന് മെച്ചപ്പെട്ടിരുന്നു. ദില്ലി വായുവിന്റെ ഗുണനിലവാരം മോശമായതോടെ, മലിനീകരണത്തിന് കാരണമായ കാർഷിക തീവെപ്പ് കേസുകൾ വർദ്ധിക്കുന്നതിന് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിനെ ബിജെപി കുറ്റപ്പെടുത്തി. പഞ്ചാബിൽ 2021ലെ കാർഷിക തീപിടുത്തത്തിൽ നിന്ന് 19 ശതമാനം വർധനയുണ്ടായെന്നും എഎപി ദില്ലിയെ ഗ്യാസ് ചേമ്പറാക്കി മാറ്റിയെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ബുധനാഴ്ച പറഞ്ഞു.