ആർഎസ്പി ദേശീയ നേതാവ് പ്രൊഫ ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു

0
56

തിരുവനന്തപുരം: മുതിർന്ന ആർ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. മറ്റന്നാൾ സംസ്കാരം നടത്തും.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമേരിക്കയിലുള്ള മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം നടത്തുക. ഏറെ നാളായി രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതല്ലാതെ ജയിക്കാൻ കഴിഞ്ഞിരുന്നില്ല ചന്ദ്രചൂഡന്. എന്നാൽ രാഷ്ട്രീയ നിലപാടുകൾ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും ഒരു തരത്തിലും മടി കാണിച്ചിരുന്നില്ല.

എൽഡിഎഫ് വിട്ട് ആർഎസ്പി യുഡിഎഫിലേക്ക് പോയ ഘട്ടത്തിൽ ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. അന്ന് പാർട്ടിക്കൊപ്പം അദ്ദേഹം നിലപാടെടുത്തു. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. സംസ്ഥാനത്തും ദേശീയ തലത്തിലും ഇടത് രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ഇടതുമുന്നണിയിൽ ഉണ്ടായിരിക്കെ, പലപ്പോഴും സിപിഎം നിലപാടിനെ തുറന്നെതിർത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here