ബീജിംഗ്: കോവിഡ് സാഹചര്യത്തിൽ 6 മാസത്തെ ഇടവേള കഴിഞ്ഞു തിയറ്ററുകൾ തുറന്നപ്പോൾ സിനിമ കാണാൻ ചൈനയിൽ വാൻ തിരക്ക്. 30 ശതമാനം സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിച്ചിട്ടുള്ളൂവെങ്കിലും 4 ലക്ഷം ഡോളറിന്റെ ടിക്കറ്റാണു പല പ്രമുഖ ഓൺലൈൻ കമ്പനികളും വിറ്റത്.
നിയന്ത്രണങ്ങളോടെയാണ് സിനിമ കാണാൻ അനുമതി. അടയാളപ്പെടുത്തിയ സീറ്റുകളിൽ മാത്രമേ ഇരിക്കാൻ പാടൂള്ളൂ. താപനില പരിശോധിച്ചാണ് ആളുകളെ അകത്തു കയറ്റുന്നത്. മാസ്ക് നിർബന്ധം. തിയറ്ററുകളിലെ ഭക്ഷണ വിൽപന നിരോധിച്ചു. എന്നാൽ, കുട്ടികൾക്കോ പ്രായം ചെന്നവർക്കോ നിയന്ത്രണമില്ല.
ചൈനയിലെ തിയറ്ററുകൾ തുറന്നതിനു ശേഷമുള്ള പ്രതികരണം കാത്തിരിക്കുകയാണ് ഹോളിവുഡ് അടക്കമുള്ള സിനിമാ കേന്ദ്രങ്ങൾ. അമേരിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ സിനിമ മാർക്കറ്റാണു ചൈന. ഇപ്പോൾ ചൈനീസ് സിനിമകൾ മാത്രമാണു റിലീസ് ചെയ്തിട്ടുള്ളത്.