ലിമ: തെക്കന്‍ പെറുവിലെ സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 27 തൊഴിലാളികള്‍ മരിച്ചു. തെക്കന്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അധികൃതര്‍ ഞായറാഴ്ച പറഞ്ഞു.
അരെക്വിപ മേഖലയിലെ ലാ എസ്‌പെറാന്‍സ 1 ഖനിക്കുള്ളിലെ തുരങ്കത്തിലാണ് തീപിടിത്തമുണ്ടായത്.
തീ പടര്‍ന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പൊലീസും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും സ്ഥിരീകരിച്ചു.സ്‌ഫോടനത്തില്‍ യാനാക്വിഹുവ പട്ടണത്തിലെ ഖനിക്കുള്ളിലെ തടികൊണ്ടുള്ള താങ്ങുകള്‍ക്ക് തീപിടിച്ചു.മരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചതിന് ശേഷം ഞായറാഴ്ച മാത്രമാണ് തീപിടിത്തത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. മരിച്ചവരുടെ മൃതദേഹം പുറത്തെടുക്കുന്നതിന് മുമ്ബ് രക്ഷാപ്രവര്‍ത്തകര്‍ ഖനി സുരക്ഷിതമാക്കാന്‍ ശ്രമിച്ചു. തീപിടിത്തം ഉണ്ടായ സമയത്ത് ഖനിയില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്നതിനെ കുറിച്ചോ രക്ഷപ്പെട്ടവരെക്കുറിച്ചോ സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഖനിത്തൊഴിലാളികളില്‍ ഭൂരിഭാഗവും ശ്വാസംമുട്ടലും പൊള്ളലും മൂലമാണ് മരിക്കുന്നതെന്ന് യാനാക്വിഹുവ മേയര്‍ ജെയിംസ് കാസ്‌ക്വിനോ ആന്‍ഡീന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മിനറ യാനക്വിഹുവ എന്ന ചെറുകിട സ്ഥാപനമാണ് സ്വര്‍ണ ഖനി നടത്തുന്നത്. ലൈസന്‍സുള്ള ഖനിയാണിതെങ്കിലും ഈ മേഖലയില്‍ നിരവധി അനധികൃത ഖനികളുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി പെറുവില്‍ ഖനികള്‍ നടത്തുന്ന സ്ഥാപനമാണ് മിനറ യാനക്വിഹുവ . ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്വര്‍ണ നിര്‍മാതാക്കളായ പെറുവില്‍ സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും വലിയ ഖനന അപകടങ്ങളിലൊന്നാണ് ഈ സംഭവം. അപകടമുണ്ടായപ്പോള്‍ മുതല്‍ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതായി പ്രസിഡന്‍റ് ട്വീറ്റില്‍ പറഞ്ഞു.
പെറുവിയന്‍ സമ്ബദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സ്വര്‍ണ ഖനി. ജിഡിപിയുടെ എട്ട് ശതമാനത്തിലധികം വരും.ഖനന-ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഖനനവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 39 പേര്‍ മരിച്ചിട്ടുണ്ട്. 2020ല്‍ അരെക്വിപയിലെ ഒരു ഖനി തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചിരുന്നു. വെള്ളി, ചെമ്ബ്, സിങ്ക് എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരാണ് പെറു.