ഇന്തോനേഷ്യയിൽ ഒരു സ്ത്രീയെ പെരുമ്പാമ്പ് അങ്ങനെ തന്നെ വിഴുങ്ങി.

0
39

ഇന്തോനേഷ്യയിൽ ഒരു സ്ത്രീയെ പെരുമ്പാമ്പ് അങ്ങനെ തന്നെ വിഴുങ്ങി. പാമ്പിന്റെ വയറ് കീറി അവരുടെ ദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്ന അസ്വസ്ഥാജനകമായ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.

54 -കാരിയായ ജഹ്റ ഞായറാഴ്ച ജാംബി മേഖലയിലെ ഒരു തോട്ടത്തിൽ റബ്ബർ ശേഖരിക്കാൻ പോയതാണ്. എന്നാൽ, അവർ തിരികെ വീട്ടിലെത്തിയില്ല. ഇതിനെ തുടർന്നാണ് ആളുകൾ തിരച്ചിൽ ആരംഭിച്ചത് എന്ന് പൊലീസ് പറഞ്ഞു. ബെറ്റാറ ജാംബി പൊലീസ് മേധാവി എകെപി ഹെറാഫ പറയുന്നത്, ഭാര്യയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് പ്രദേശത്ത് തിരയുകയായിരുന്നു. എന്നാൽ, ഭാര്യയുടെ ചെരിപ്പുകൾ, ജാക്കറ്റ്, ശിരോവസ്ത്രം, കത്തി എന്നിവ മാത്രമാണ് അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ചത്. അതേ തുടർന്ന് മടങ്ങിയ അദ്ദേഹം പിറ്റേ ദിവസം ഒരു സംഘം ആളുകളുമായി വിശദമായ തിരച്ചിലിന് ഇറങ്ങി. ആ വരവിലാണ് ഒരു വലിയ പാമ്പിനെ വീർത്ത വയറുമായി പ്രദേശത്ത് കണ്ടെത്തിയത്.

പിന്നാലെ തിരച്ചിലിനെത്തിയ സംഘം പാമ്പിനെ അക്രമിച്ചു. ശേഷം അതിന്റെ വയർ കീറി. ഇതേ തുടർന്ന് സ്ത്രീയുടെ അവശിഷ്ടങ്ങൾ അതിന്റെ വയറിൽ നിന്നും കണ്ടെത്തുകയായിരുന്നു. ‘എല്ലാവരും ഞെട്ടിപ്പോയി. ഞങ്ങൾ തിരഞ്ഞു പോയ സ്ത്രീ ആ പാമ്പിന്റെ വയറിനകത്തായിരുന്നു’ എന്ന് പ്രദേശത്തെ ​ടെർജുൻ ​ഗജ ​ഗ്രാമത്തിന്റെ തലവൻ ആന്റോ പറഞ്ഞു.

ഏകദേശം രണ്ട് മണിക്കൂറെങ്കിലും എടുത്ത് ജഹ്റയെ ചുറ്റിവരിഞ്ഞിട്ടുണ്ടാവണം. ശേഷമായിരിക്കണം അവരെ പാമ്പ് വിഴുങ്ങിയിട്ടുണ്ടാവുക എന്നും ആന്റോ പറയുന്നു. 22 അടിയായിരുന്നു പെരുമ്പാമ്പിന്റെ നീളം. ഇത്തരത്തിലൊരു പാമ്പിനെ നേരത്തെ പ്രദേശത്ത് കണ്ടിട്ടു പോലുമില്ലെന്നും അങ്ങനെ ഒരു പാമ്പുള്ളതായി അറിയില്ലായിരുന്നു എന്നും ആന്റോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here