ക്രൈസ്റ്റ്ചര്‍ച്ച്: ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ജയം. ക്രൈസ്റ്റ് ചര്‍ച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന് ഫിന്‍ അലന്റെ (42 പന്തില്‍ 62) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഡെവോണ്‍ കോണ്‍വെ (49), കെയ്ന്‍ വില്യംസണ്‍ (9) പുറത്താവാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ അലന്‍- കോണ്‍വെ സഖ്യം 117 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആറ് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്. ഷദാബ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ സ്റ്റംപ് ചെയ്താണ് അലന്‍ മടങ്ങുന്നത്.
അലന്‍ മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ (9) കൂട്ടുപിടിച്ച് കോണ്‍വെ വിജയം പൂര്‍ത്തിയാക്കി. 46 പന്തില്‍ നിന്നാണ് കോണ്‍വെ 49 റണ്‍സെടുത്തത്. അഞ്ച് ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. നേരത്തെ, പാകിസ്ഥാന്‍ നിരയില്‍ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 27പന്തില്‍ 27 റണ്‍സ് നേടിയ ഇഫ്തികര്‍ അഹമ്മദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ആസിഫ് അലി (25*), ബാബര്‍ അസം (21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഒരു സിക്‌സ് പോലും പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് നേടാന്‍ സാധിച്ചില്ല. ന്യൂസിലന്‍ഡില്‍ ഇതുവരെ നടന്ന 77 ടി20 മത്സരങ്ങളില്‍ ആദ്യമായിട്ടാണ് ഒരു ടീമിന് സിക്‌സുകള്‍ നേടാന്‍ കഴിയാതെ പോകുന്നത്. മുഹമ്മദ് റിസ്‌വാന്‍ (16), ഷാന്‍ മസൂദ് (14), ഷദാബ് ഖാന്‍ (8), ഹൈദര്‍ അലി (8), മുഹമ്മദ് നവാസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഏഴ് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇഷ് സോധി ഒരു വിക്കറ്റ് നേടി.
ജയത്തോടെ ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മൂന്നില്‍ രണ്ട് മത്സരങ്ങളും ജയിച്ച ന്യൂസിലന്‍ഡ് നാല് പോയിന്റായി. പാകിസ്ഥാന് നാല് പോയിന്റുണ്ടെങ്കിലും റണ്‍ നിരക്കില്‍ പിന്നിലാണ്. രണ്ട് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് മൂന്നാമതാണ്.