അഹമ്മദാബാദ് (ഗുജറാത്ത്): ഗാന്ധിനഗർ – മുംബൈ വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗർ ക്യാപിറ്റൽ റെയിൽവെ സ്റ്റേഷനിൽവച്ച് സെമി ഹൈസ്പീഡ് ട്രെയിനിന് പച്ചക്കൊടി കാട്ടിയ പ്രധാനമന്ത്രി തീവണ്ടിയിൽ യാത്ര നടത്തുകയും ചെയ്തു. രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് തീവണ്ടി സർവീസിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്. വന്ദേ ഭാരത് എക്സ്പ്രസിൽ ഒരു തവണ യാത്രചെയ്താൽ പതിവായി വിമാനത്തിൽ സഞ്ചരിക്കുന്നവർ പോലും പിന്നീട് യാത്രചെയ്യുന്നതിനായി വന്ദേ ഭാരത് എക്സ്പ്രസ് തിരഞ്ഞെടുക്കുമെന്ന് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘വിമാനത്തിന് ഉള്ളിലേതിനെക്കാൾ ശബ്ദം കുറവാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉൾവശത്ത്. രാജ്യത്തെ രണ്ട് വൻ നഗരങ്ങൾക്കിടയിലുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. നഗരങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുന്നതിനും സ്വാശ്രയമാകുന്നതിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളിലെ വൻ ചുവടുവെപ്പാണ് വന്ദേ ഭാരത് എക്സ്പ്രസ്’ – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിൻ ന്യൂഡൽഹി – വാരണാസി റൂട്ടിലും രണ്ടാമത്തേത് ന്യൂഡൽഹി – ശ്രീമാതാ വൈഷ്ണോദേവി കത്ര റൂട്ടിലുമായിരുന്നു. മൂന്നാമത്തേതാണ് ഗാന്ധിനഗർ – മുംബൈ വന്ദേഭാരത് ട്രെയിൻ. വിമാനത്തിലേതിന് സമാനമായ സുഖസൗകര്യങ്ങളാണ് വന്ദേഭാരത് ട്രെയൻ വാഗ്ദാനം ചെയ്യുന്നത്. തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി തദ്ദേശീയമായ വികസിപ്പിച്ചെടുത്ത കവച് സാങ്കേതികവിദ്യയും പ്രത്യേകതയാണ്.
ഒക്ടോബർ ഒന്നുമുതൽ ഗാന്ധിനഗർ – മുംബൈ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങും. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തീവണ്ടി ഓടും. മുംബൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് രാവിലെ 6.10-ന് പുറപ്പെടുന്ന ട്രെയിൻ 12.30 ന് ഗാന്ധിനഗറിലെത്തും. ഉച്ചയ്ക്ക് 2.05ന് ഗാന്ധിനഗറിൽനിന്ന് പുറപ്പെട്ട് രാത്രി 8.35-ന് മുംബൈ സെൻട്രലിലെത്തും.
സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മുംബൈ – അഹമ്മദാബാദ് യാത്രയ്ക്ക് എക്സിക്യൂട്ടീവ് ചെയർ കാറിൽ 2505 രൂപയും ചെയർകാറിൽ 1385 രൂപയുമാകും ടിക്കറ്റ് നിരക്ക്. 16 കോച്ചുകളാണ് വന്ദേ ഭാരത് എക്സ്പ്രസിലുള്ളത്. 140 സെക്കൻഡുകൾകൊണ്ട് തീവണ്ടി മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലെത്തും. വിമാനങ്ങളിലേതിന് സമാനമായ ബയോ വാക്വം ടോയ്ലെറ്റുകൾ ഘടിപ്പിച്ച ആദ്യ തീവണ്ടിയെന്ന പ്രത്യേകതയും വന്ദേ ഭാരത് എക്സ്പ്രസിനുണ്ട്.