ഏവരെയും അതിശയപ്പെടുത്തി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ്

0
64

നാല് നിലയുള്ള കെട്ടിടം തകര്‍ന്നുവീണ് 24 മണിക്കൂറിന് ശേഷവും, അതായത് ഒരു ദിവസം പിന്നിട്ടിട്ടും ജീവനോടെ തിരികെ ലഭിച്ചിരിക്കുകയാണ് ഒരു കുഞ്ഞിനെ. നാല് മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞിനെ ഇപ്പോള്‍ അത്ഭുത ശിശുവെന്നും, ജീവിതത്തിന്‍റെയും പ്രതീക്ഷയുടെയും പ്രതീകമെന്നുമെല്ലാമാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്.

ജോര്‍ദാനിലെ അമ്മാനിലാണ് സംഭവം നടന്നത്. റെസിഡെൻഷ്യൽ ബിൽഡിംഗ് ആണ് പെട്ടെന്ന് തകര്‍ന്നുവീണത്. ഈ സമയത്ത് നാല് മാസം പ്രായമായ മലാക് എന്ന പെൺകുഞ്ഞിനെ അവളുടെ അമ്മ ഈ ബില്‍ഡിംഗിലുള്ള ഒരു സുഹൃത്തിനെ ഏല്‍പിച്ച് മടങ്ങിക്കഴിഞ്ഞിരുന്നു. ജോലിസംബന്ധമായി അത്യാവശ്യമായി ഒരിടം വരെ പോകണമെന്നുള്ളതിനാലായിരുന്നു മലാകിന്‍റെ അമ്മ അവളെ സുഹൃത്തിന്‍റെ കൈവശമേല്‍പിച്ചത്.

അമ്മ പോയിക്കഴിഞ്ഞ് വൈകാതെ തന്നെ അപകടം സംഭവിച്ചു. 14 പേരാണ് അപകടത്തില്‍ മരിച്ചത്. മലാകിന്‍റെ അമ്മയുടെ സുഹൃത്ത് ഇക്കൂട്ടത്തിലുണ്ടോയെന്നത് വ്യക്തമല്ല. എന്തായാലും അപകടം നടന്ന മുപ്പത് മണിക്കൂര്‍ പിന്നിട്ട ശേഷം രക്ഷാപ്രവര്‍ത്തകരുടെ കയ്യിലേത്തിച്ചേരുകയായിരുന്നു മലാക്.

പൊടിയും മണ്ണും മൂടിയ നിലയിലായിരുന്നു കുഞ്ഞിനെ ലഭിച്ചത്. എന്നാല്‍ പരുക്കുകളൊന്നും സംഭവിച്ചിരുന്നില്ല. അപകടം നടന്ന് ഇത്രയും മണിക്കൂറുകള്‍ വെള്ളം പോലുമില്ലാതെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാല്‍ മുതിര്‍ന്ന ഒരാളാണെങ്കില്‍ പോലും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് നമുക്കറിയാം. അപ്പോള്‍ ഇത്രയും ചെറിയ കുഞ്ഞ് എങ്ങനെ ഈ സാഹചര്യത്തെ അതിജീവിച്ചുവെന്നാണ് ഏവരും അന്വേഷിക്കുന്നത്.

അപകടം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും കുഞ്ഞിന്‍റെ വിവരമില്ലാതിരുന്നതോടെ നിരാശരാകേണ്ടിയിരുന്ന മാതാപിതാക്കളും പ്രതീക്ഷയില്‍ തന്നെയായിരുന്നു. അവള്‍ക്കൊന്നും സംഭവിച്ചിരിക്കില്ല, അവള്‍ തിരിച്ചുവരും എന്ന് എന്നോടാരോ ഉള്ളിലിരുന്ന് പറയുന്നത് പോലെ തോന്നിയെന്നാണ് അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം താൻ കുഞ്ഞിന്‍റെ അച്ഛനോടും നിരന്തരം പറഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തകര്‍ മലാകിനെ രക്ഷപ്പെടുത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. പ്രതീക്ഷയുടെ ഈ കുരുന്നുവെളിച്ചത്തെ നിങ്ങളും കണ്ടുനോക്കൂ…

 

LEAVE A REPLY

Please enter your comment!
Please enter your name here