കൊല്ലം: ചടയമംഗലത്ത് അക്കോണത്ത് യുവതി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അടൂർ പഴകുളം സ്വദേശിനി ലക്ഷ്മിപിള്ള(24)യാണ് മരിച്ചത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഭർത്താവ് കിഷോർ ഇന്നലെ രാവിലെ 11 മണിയോടെയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്.
വീട്ടിലെത്തിയ ശേഷം ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരില്‍ നിന്ന് ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി. തുടർന്ന് വാതിൽ ചവിട്ടിപൊളിച്ചാണ് അകത്ത് കടന്നത്. അകത്ത് കയറിയപ്പോൾ മുറിക്കുള്ളിൽ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.ചടയമംഗലം പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.