തൃശൂർ : നെന്മണിക്കരയിൽ തെരുവുനായയുടെ കടിയേറ്റ് വയോധികക്ക് പരിക്കേറ്റു. നെന്മണിക്കര ചീനപ്പിള്ളി പരേതനായ രാമന്റെ ഭാര്യ മാധവിക്കാണ് (75) പരിക്കേറ്റത്. കാലിന് പരിക്കേറ്റ മാധവിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കടയിൽ പോയി വരുമ്പോഴാണ് വയോധികയെ തെരുവുനായ ആക്രമിച്ചത്.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ വടകര താഴെ അങ്ങാടിയിൽ ഇന്ന് സ്ത്രീക്ക് തെരുവ് നായയുടെ കടിയേറ്റു. ഒതയോത്തു സഫിയക്കാണ് കടിയേറ്റത്. ആശുപത്രിയിൽ പോകുന്ന വഴിക്കാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ബൈക്കിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റിരുന്നു. ജന്മഭൂമി കൊല്ലം റിപ്പോര്‍ട്ടര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.