വനം വകുപ്പിനെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍

0
49

വനംവകുപ്പിനെ കൂടുതല്‍ ജനകീയമാക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഏത് സമയവും ആവശ്യവുമായി എത്താവുന്ന രീതിയില്‍ കൂടുതല്‍ സുതാര്യമാക്കി വകുപ്പിനെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പോത്തുണ്ടിയില്‍ നിര്‍മ്മിച്ച സംയോജിത ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലാസ്റ്റിക്ക് രഹിതവും സുരക്ഷിതവും പ്രകൃതി സൗഹൃദവും സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വരും തലമുറകള്‍ക്ക് കൂടി നെല്ലിയാമ്പതി ആസ്വദിക്കുക ലക്ഷ്യമിട്ടുള്ള ഇക്കോ ടൂറിസമാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്.

ചെക്ക്‌പോസ്റ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ആധുനിക സാങ്കേതികങ്ങള്‍ ഉപയോഗപ്പെടുത്തി വനമേഖലകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാനും ശാക്തീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരുന്നുണ്ട്. കൂടാതെ വനാശ്രിത വിഭാഗങ്ങളുടെ ഉന്നമനവും സാമൂഹ്യ ജീവിതവും മെച്ചപെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാവും പുതിയ പദ്ധതികള്‍ നടപ്പാക്കുക. ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകുമ്പോള്‍ അവരുടെ രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാറാന്‍ കഴിയണം. സംസ്ഥാനത്ത് ഏഴ് സംയോജിത ചെക്ക്‌പോസ്റ്റുകള്‍ അനുവദിച്ചപ്പോള്‍ അതില്‍ രണ്ടെണ്ണവും പാലക്കാട് ജില്ലയിലാണ്, ആനക്കട്ടിയും നെല്ലിയാമ്പതിയും.

വനാശ്രിതരെ ഉപയോഗപ്പെടുത്തി അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വനമേഖലയിലെ ടൂറിസം സാധ്യതകള്‍ പഠിക്കുന്നതിനുമായി ഒരു പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് കാലതാമസം ഉണ്ടാവുകയാണെങ്കില്‍ പ്രത്യേകമായി ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചുകൊണ്ട് ഇതിനാവശ്യമായ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പോത്തുണ്ടി ചെക്ക്‌പോസ്റ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ കെ. ബാബു എം.എല്‍.എ. അധ്യക്ഷനായി. എം.എല്‍.എമാരായ പി.ടി.എ. റഹീം, കെ.കെ. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്‍, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. പ്രിന്‍സ് ജോസഫ്, പാലക്കാട് ജില്ലാ പഞ്ചായത്തംഗം ആര്‍. ചന്ദ്രന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗം വി. ഫറൂക്ക്, നെന്മാറ ഗ്രാമപഞ്ചായത്ത് അംഗം പി.വി. ജയന്‍, നെന്മാറ ഡി.എഫ്.ഒ. സി.പി. അനീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here