പാലക്കാട്: അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിച്ച് കോടതി. മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് സാക്ഷി ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ മണ്ണാർക്കാട് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. കൂറുമാറിയതിനെ തുടർന്ന് വനം വകുപ് വാച്ചറായ സാക്ഷിയെ പിരിച്ചുവിട്ടു.കേസിൽ ഇരുപത്തിയൊമ്പതാം സാക്ഷിയാണ് സുനിൽകുമാർ. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ നേരത്തേ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു. കേസിലെ മുപ്പത്തിയൊന്നാം സാക്ഷി ദീപുവും ഇന്ന് കൂറുമാറിയിരുന്നു. കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനാറായി.
കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറാണ് സുനിൽകുമാർ. സൈലന്‍റ് വാലി ഡിവിഷനിലെ ആനവായി ഫോറസ്റ്റ് റേഞ്ചിലെ താൽകാലിക വാച്ചറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. നേരത്തെ, മൊഴി മാറ്റിയ വാച്ചർമാരായ അനിൽ കുമാർ, കാളിമൂപ്പൻ, അബ്ദു റസാഖ് എന്നിവരെ സർവീസിൽ പിരിച്ചു വിട്ടിരുന്നു.
ആറു പേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് സാക്ഷി ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ മണ്ണാർക്കാട് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.