കണ്ണൂർ • സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ തണലിൽ പിച്ചവച്ചതാണ് എ.എൻ.ഷംസീറിന്റെ രാഷ്ട്രീയ ബാല്യം. ന്യൂനപക്ഷ സമുദായത്തിൽനിന്ന് എ.പി.അബ്ദുല്ലക്കുട്ടിയെ പാർട്ടിയിലെത്തിച്ചതും കോടിയേരിയായിരുന്നു. അബ്ദുല്ലക്കുട്ടി പാർട്ടി വിട്ടതിനെ തുടർന്നാണ് ഷംസീറിന്റെ രാഷ്ട്രീയ ഭാവി തെളിയുന്നത്. പി.എ.മുഹമ്മദ് റിയാസ് മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായതോടെ ഷംസീറിന് ഇനി ഉയർച്ചയില്ലെന്നു കരുതിയവർക്കുള്ള മറുപടി കൂടിയാണ് 45–ാം വയസ്സിൽ ലഭിക്കുന്ന സ്പീക്കർ സ്ഥാനം. കേരള നിയമസഭയുടെ നാഥനാകുന്ന 24–ാമത്തെയാളാണു ഷംസീർ.
എം.വി.ഗോവിന്ദനു പകരം കണ്ണൂരിൽനിന്നു തന്നെ മന്ത്രിയുണ്ടാകുമെങ്കിൽ അത് ഷംസീറായിരിക്കുമെന്നു തുടക്കം തൊട്ടു പ്രചാരണമുണ്ടായിരുന്നു. മന്ത്രിപദം എം.ബി.രാജേഷിലേക്കു പോയതോടെയാണ് സ്പീക്കർ സ്ഥാനത്തേക്ക് ഷംസീർ പരിഗണിക്കപ്പെട്ടത്.
നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള ഷംസീറിന് സഭയുടെ നിയമങ്ങളും കീഴ്‌വഴക്കങ്ങളുമായി പൊരുത്തപ്പെടാൻ പ്രയാസമുണ്ടാവില്ല. സ്പീക്കർ പദവിയായതിനാൽ കക്ഷി രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നു മാറി നിൽക്കേണ്ടി വരുമെന്നതാണ് അദ്ദേഹത്തിനു നേരിടേണ്ടി വരുന്ന പ്രയാസം.
പ്രഫഷനൽ കോളജ് പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ മർദനത്തിന് ഇരയാവുകയും 94 ദിവസം ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട്. 1999 ൽ ധർമടം വെള്ളൊഴുക്കിൽവച്ച് ആർഎസ്‌എസ് അക്രമത്തിനിരയായി. മലബാർ കാൻസർ സെന്ററിലെത്തുന്ന അർബുദ രോഗികളുടെ കണ്ണീരൊപ്പാൻ രൂപീകരിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിങ് ചെയർമാൻ കൂടിയാണു ഷംസീർ.
1977 മേയ് 24 ന് ഉസ്മാൻ കോമത്തിന്റെയും എ.എൻ.സെറീനയുടെയും മകനായി കോടിയേരിയിലാണു ജനനം. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻ കോളജിൽനിന്നു ഫിലോസഫിയിൽ ബിരുദവും കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാംപസിൽനിന്നു നരവംശശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവുമെടുത്ത ശേഷം പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിലാണ് എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയത്.
2014 ൽ ലോക്സഭയിലേക്കു വടകരയിൽനിന്നു മത്സരിച്ചെങ്കിലും മുല്ലപ്പളളി രാമചന്ദ്രനോടു തോറ്റു. 2016 ൽ എ.പി.അബ്ദുല്ലക്കുട്ടിയെ തോൽപിച്ച് തലശ്ശേരിയിൽനിന്നു നിയമസഭയിലെത്തി. 2021 ൽ എം.പി. അരവിന്ദാക്ഷനെ തോൽപിച്ചാണ് രണ്ടാം ജയം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: ഡോ. പി.എം.സഹല. മകൻ: ഇസാൻ.