ജയ്പൂര്‍: രാജ്ഭവനില്‍ രാമകഥാ പാരായണത്തിന് വേദിയൊരുക്കി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര. മുന്‍ ആര്‍ എസ് എസ് പ്രചാരകന്‍ വിജയ് കൗശല്‍ നയിക്കുന്ന പരിപാടിക്കാണ് കല്‍രാജ് മിശ്ര രാജ്ഭവനില്‍ വേദിയൊരുക്കിയത്. സംഭവം ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതാദ്യമായാണ് രാജ്ഭവനില്‍ രാമകഥ പരിപാടി സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ പരിപാടിയുടെ ആദ്യ ദിനത്തില്‍ ബി ജെ പി നേതാക്കള്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ എല്ലാ ദിവസവും, വിജയ് കൗശല്‍ വൈകുന്നേരം 4 മുതല്‍ 7 വരെ രാമകഥ വായിക്കും. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ നിന്നുള്ളയാളാണ് വിജയ് കൗശല്‍. കൗശലിന്റെ യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടി പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു.
തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ആളുകള്‍ക്ക് രാജ്ഭവനില്‍ പ്രവേശിക്കാം. ശനിയാഴ്ച പരിപാടി ആരംഭിക്കുന്നതിന് മുമ്പ്, കല്‍രാജ് മിശ്ര പൂജ നടത്തിയിരുന്നു. ഭക്തിസാന്ദ്രമായ ചിത്രങ്ങളും കലാസൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്ന ‘ഭക്തി കലാ പ്രദര്‍ശനി’ എന്ന കലാപ്രദര്‍ശനവും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു.
ബി ജെ പിയുടെ രാജ്യസഭാ എം പി ഘനശ്യാം തിവാരിയും ജയ്പൂരില്‍ നിന്നുള്ള ബി ജെ പി എം പി രാംചരണ്‍ ബൊഹ്റയും ആദ്യദിനത്തെ പരിപാടിയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. രാമകഥ ജീവിതത്തെ മൂല്യങ്ങളാല്‍ സമ്പന്നമാക്കുന്നുവെന്നും വിജയ് കൗശലിനെപ്പോലുള്ള ഒരു കാഥികന്‍ രാമകഥ പറയാനുള്ള അഭ്യര്‍ത്ഥന സ്വീകരിച്ചത് ഭാഗ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞതായി രാജ്ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്ഭവനില്‍ മതപരമായ ചടങ്ങ് സംഘടിപ്പിക്കുന്നത് ഗവര്‍ണറുടെ ഭരണഘടനാ പദവിയുടെ അന്തസ്സിനു വിരുദ്ധമാണെന്നും ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പി യു സി എല്‍ രാജസ്ഥാന്‍ പ്രസിഡന്റ് കവിത ശ്രീവാസ്തവ പ്രസ്താവനയില്‍ പറഞ്ഞു. രാജ്ഭവനോ സംസ്ഥാന സര്‍ക്കാരോ ഈ പരിപാടി സ്‌പോണ്‍സര്‍ ചെയ്യേണ്ടതില്ല എന്നും കവിത ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.