ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബർ 12ന് അകം 5ജി സേവനം ലഭ്യമാകും. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
“5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ തുടങ്ങാൻ ആവുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. “ഇത് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും എന്നത് കേന്ദ്ര സർക്കാർ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കും” കേന്ദ്രമന്ത്രി പറഞ്ഞു. ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ, വോഡഫോൺ ഐഡിയ എന്നിവ അടുത്തിടെ നടത്തിയ ലേലത്തിൽ നേടിയ സ്പെക്‌ട്രത്തിൻറെ വിലയുടെ ഭാഗമായ 17,876 കോടി രൂപ കേന്ദ്രത്തിൽ അടച്ചു കഴിഞ്ഞു.
റിലയൻസ് ജിയോ, അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ, വോഡഫോൺ ഐഡിയ എന്നിവർ 20 തുല്യ വാർഷിക ഇൻസ്‌റ്റാൾമെന്റുകൾ നടത്താൻ തീരുമാനിച്ചപ്പോൾ ഭാരതി എയർടെൽ മാത്രമാണ് കൂടുതൽ തുക മുൻകൂറായി അടച്ചത്.