ബോയ്ക്കോട്ട് ബോളിവുഡ് (Boycott Bollywood)ക്യാമ്പെയിനിൽ മുക്കൂകുത്തി വീണെങ്കിലും ആമിർ ഖാന്റെ പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദ (Laal Singh Chaddha)അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.
ആഗസ്റ്റ് 11 നാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോയ്കോട്ട് ക്യാമ്പെയിൽ തട്ടി ചിത്രത്തിന് ഇന്ത്യയിൽ പ്രതീക്ഷിച്ച സ്വീകരണം ലഭിച്ചിരുന്നില്ല.എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടി മുന്നേറുകയാണ്. നിലവിൽ ലാൽ ലിംഗ് ഛദ്ദ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ചിത്രമെന്ന റെക്കോർഡ് ആമിർ ഖാൻ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ആലിയ ഭട്ടിന്റെ ഗംഗുഭായിയുടെ റെക്കോർഡാണ് ലാൽ സിംഗ് ഛദ്ദ മറികടന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ 7.47 മില്യൺ ഡോളറായിരുന്നു ഗംഗുഭായ് നേടിയത്. പുറത്തിറങ്ങി ആഴ്ച്ചകൾക്കുള്ളിൽ തന്നെ ലാൽ സിംഗ് ഛദ്ദയുടെ കളക്ഷൻ 7.5 മില്യൺ കടന്നു.ഇന്ത്യയിൽ ഇതുവരെ 56 കോടിയാണ് ലാൽ സിംഗ് ഛദ്ദ കളക്ട് ചെയ്തത്. ചിത്രത്തിന് നേരിടേണ്ടി വന്ന നെഗറ്റീവ് പബ്ലിസിറ്റിയിൽ ആമിർ ഖാൻ കടുത്ത നിരാശയിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഹോളിവുഡ് താരം ടോം ഹാങ്ക്സ് പ്രധാന വേഷത്തിൽ എത്തിയ ഫോറസ്റ്റ് ഗംപ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ലാൽ സിംഗ് ഛദ്ദ. ആമിർ ഖാന് പുറമേ, തെന്നിന്ത്യൻ താരം നാഗ ചൈതന്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.