ബ്രഹ്മാണ്ഡ തമിഴ് മൾട്ടി സ്റ്റാർ ചിത്രം പൊന്നിയൻ സെൽവന്റെ (Ponniyin Selvan) കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ നിർമ്മിക്കുന്ന ചിതം മണിരത്നമാണ് സംവിധാനം ചെയ്യുന്നത്. മെഗാ ബജറ്റിൽ രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച സിനിമയുടെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും.
500 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിൽ വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത്കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങളെല്ലാം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
ലോകം മുഴുവൻ കാത്തിരിക്കുന്ന ‘പൊന്നിയിൻ സെൽവൻ’ പോലൊരു ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഗോകുലം മൂവീസിന്റെ ഗോകുലം ഗോപാലൻ പറഞ്ഞു. കേരളത്തിൽ 250ഓളം തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രങ്ങളായ ലൈഗർ, കോബ്ര, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ഗോകുലം മൂവീസ് ‘പൊന്നിയിൻ സെൽവൻ’ കേരളത്തിൽ എത്തിക്കുന്നത്.