ന്യൂഡല്‍ഹി• കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധി വീണ്ടും നേതൃസ്ഥാനത്ത് എത്തുമോ എന്നതാണ് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്ന ഏറ്റവും വലിയ ചോദ്യം. വീണ്ടും അധ്യക്ഷനാകാന്‍ താനില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേതൃത്വം ഏറ്റെടുക്കാന്‍ രാഹുലിനെ പ്രേരിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടുവെന്നാണ് അറിയുന്നത്. 2019ല്‍ പൊതുതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനം രാജിവച്ചത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ പേര് ഉയര്‍ന്നു കേട്ടെങ്കിലും ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ആരെങ്കിലും അധ്യക്ഷസ്ഥാനത്ത് എത്താനുള്ള സാധ്യയാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ രാഹുല്‍ ഇല്ലെങ്കില്‍ സോണിയാ ഗാന്ധി തന്നെ തുടരുന്നതാണ് നല്ലതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വാദം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ പേരിനാണ് പരിഗണന. ഇങ്ങനെ സംഭവിച്ചാല്‍ 1998ന് ശേഷം ആദ്യമായി ഗാന്ധികുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷപദവിലെത്തും.