ശബരിമല ശ്രീകോവിലിനുള്ളിലെ ചോര്‍ച്ച തടയാനുള്ള ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും. അടുത്ത മാസ പൂജയ്ക്ക് മുന്‍പായി ചോര്‍ച്ച പൂര്‍ണമായും പരിഹരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍ പറഞ്ഞു.
ശ്രീകോവിലിനുള്ളില്‍ സ്വര്‍ണപാളികള്‍ സ്ഥാപിച്ചപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന പലകയിലെ ആണികള്‍ നീക്കം ചെയ്തിരുന്നു. ഈ ദ്വാരങ്ങള്‍ അടച്ചിരുന്നില്ല. ഇവയിലൂടെ ചോര്‍ച്ച ഉണ്ടാവാം എന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണപാളികളുടെ വിടവ് നികത്താന്‍ ഉപയോഗിച്ച സില്‍ക്കോണിന്റെ ശേഷി നഷ്ടപ്പെട്ടതും ചോര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടാവുമെന്ന് ദേവസ്വം പ്രസിഡന്റ് അനന്തഗോപന്‍ വ്യക്തമാക്കി.