ഇന്ത്യയില്‍ 50 ലക്ഷം ഇരുചക്ര വാഹനങ്ങളെ പുറത്തിറക്കിയെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. ഗുരുഗ്രാമിലെ നിർമാണ കേന്ദ്രത്തിൽ നിന്നും പുതിയ സുസുക്കി ജിക്സർ എസ്എഫ് 250 പുറത്തിറക്കിയതോടെയാണ് 50 ലക്ഷം എന്ന നാഴികക്കല്ല കമ്പനി പിന്നിട്ടത്. കമ്പനി നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം. മാത്രമല്ല 2018-19 ലെ വിൽപ്പനയേക്കാൾ 2019-20ൽ 5.7 ശതമാനം വരെ വിൽപ്പന വർധിച്ചതായി കമ്പനി രേഖപ്പെടുത്തിയ സമയത്താണ് ഈ നാഴികക്കല്ല് പിന്നിട്ടെതന്നും ശ്രദ്ധേയമാണ്.
ഈ വർഷം സുസുക്കി മോട്ടോർ കോർപ്പറേഷൻ നൂറാം വാർഷികം ആഘോഷിക്കുകയാണെന്നും ആ സാഹചര്യത്തിൽ തങ്ങളുടെ പ്രധാന വിപണികളിൽ ഒന്നായ ഇന്ത്യയിൽ 50 ലക്ഷം ഇരുചക്രവാഹന ഉൽപന്നങ്ങൾ പുറത്തിറക്കാൻ സാധിച്ചത് കമ്പനിയുടെ വിജയഗാഥയിലേക്ക് കൂട്ടിച്ചേർക്കാൻ സാധിക്കുന്ന മറ്റൊരു പൊൻതൂവൽ കൂടിയാണെന്നും സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൊയിചിരോ ഹിറാവു പറഞ്ഞു.