കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കുവൈത്ത്. ആറുമാസത്തിലേറെയായി കുവൈത്തിന് പുറത്ത് കഴിയുന്ന സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളോട് ഒക്ടോബര്‍ 31നകം തിരിച്ചെത്താനാണ് നിര്‍ദേശം.ഇവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലംയ അറിയിച്ചു. 2022 മെയ് ഒന്ന് മുതലാണ് ആറ് മാസത്തെ കാലാവധി കണക്കാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
ആര്‍ട്ടിക്കിള്‍ പതിനെട്ട് പ്രകാരമുള്ള ഇഖാമ കൈവശമുള്ളവര്‍ക്ക് കുവൈത്തിന് പുറത്ത് ആറ് മാസത്തില്‍ കൂടുതല്‍ തങ്ങാന്‍ അനുവാദമില്ല. അതുകൊണ്ടാണ് നിയമം കര്‍ശനമാക്കിയത്. മേയതിന് ഒന്നിനും അതിന് മുമ്പുമായി രാജ്യത്തിന് പുറത്ത് പോയവര്‍ നിശ്ചിത തിയതിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ വിസ സ്വമേധയാ റദാകും.
ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്കും ആറുമാസ കാലാവധി ഉടന്‍ നിര്‍ബന്ധമാക്കും. വര്‍ഷാവസാനത്തോടെ ഇത് കര്‍ശനമാക്കാനാണ് തീരുമാനം. ആര്‍ട്ടിക്കിള്‍ 24 പ്രകാരമുള്ള ഇഖാമ കൈവശമുള്ളവര്‍ക്കും ഈ നിയമം ബാധകമായേക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇത് ബാധകമാവും.
ഈ വര്‍ഷം അവസാനത്തോടെ നിയമം കര്‍ശനമാക്കും. അതേസമയം കൊവിഡിനെ തുടര്‍ന്ന്, മാനുഷിക വശം പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയം എല്ലാ പ്രവാസികളോടും വിദേശത്ത് തന്നെ താമസിക്കാനും, ഇഖാമ പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കാനും നിര്‍ദേശിച്ചത്. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയത്.
രാജ്യത്തെ ആരോഗ്യ സ്ഥിതിയെല്ലാം മെച്ചപ്പെട്ടിട്ടുണ്ട്. കൊവിഡ് കേസുകളെല്ലാം കുറഞ്ഞ സാഹചര്യത്തില്‍ ഈ ഇളവുകള്‍ ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലെന്നാണ് കുവൈത്ത് പറയുന്നത്.