ന്യൂജേഴ്‌സി:2023ല്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ആഗോളതലത്തില്‍ ടാല്‍ക്ക് അധിഷ്ഠിത ബേബി പൗഡര്‍ വില്‍ക്കുന്നത് നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കള്‍. ബേബി പൗഡറിന്റെ സുരക്ഷ സംബന്ധിച്ച കുറച്ച് വര്‍ഷങ്ങളായി കമ്പനിക്കെതിരെ കേസുകള്‍ വന്നിരുന്നു.
യുഎസിലും കാനഡയിലും കമ്പനി ഉല്‍പ്പന്നം നേരത്തെ തന്നെ നിര്‍ത്തലാക്കിയതാണ്. തങ്ങളുടെ എല്ലാ ബേബി പൗഡര്‍ ഉല്‍പ്പന്നങ്ങളും ടാല്‍ക്കം പൗഡറിന് പകരം കോണ്‍സ്റ്റാര്‍ച്ചിലേക്ക് (ചോളം കോണ്ടുണ്ടാക്കിയ അന്നജം) മാറ്റാനുള്ള ”വാണിജ്യപരമായ തീരുമാനം” എടുത്തതായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വ്യാഴാഴ്ച പറഞ്ഞു.
‘ദീര്‍ഘകാല വളര്‍ച്ചയ്ക്കായി ബിസിനസ്സ് മികച്ച രീതിയില്‍ സ്ഥാപിക്കുന്നതിന് തങ്ങള്‍ തങ്ങളുടെ പോര്‍ട്ട്ഫോളിയോ തുടര്‍ച്ചയായി വിലയിരുത്തുകയും ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നുവെന്നും പുതിയ തീരുമാനം ലോകമെമ്പാടുമുള്ള പോര്‍ട്ട്‌ഫോളിയോ വിലയിരുത്തലിന്റെ ഭാഗമാണ്, ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡിലെ വ്യത്യാസങ്ങളും ഉപഭോക്തൃ പ്രവണതകളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് ഈ തീരുമാനം എന്നും വക്താവ് മെലിസ വിറ്റ് ഒരു ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു.
2018 ല്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതുവഴി കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ യുഎസ് കോടതി പിഴ ചുമത്തിയിരുന്നു . 470 കോടി ഡോളര്‍ (ഏകദേശം 32,000 കോടി) രൂപയാണു പിഴ ചുമത്തിയത്. ജോണ്‍സണ്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്കാണു ഓവേറിയന്‍ കാന്‍സര്‍ കണ്ടെത്തിയത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.
എന്നാല്‍ ഉല്‍പ്പന്നങ്ങളില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം ഇല്ലെന്നാണ് അന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രതികരിച്ചത്. പരിശോധനകളിലൊന്നും പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും മാത്രമല്ല, ആസ്ബറ്റോസ് കാന്‍സറിനു കാരണമാകുമെന്നുള്ളത് തെറ്റാണെന്നും കമ്പനി പറഞ്ഞിരുന്നു.ധാതുക്കള്‍ ചര്‍മ്മത്തെ വരണ്ടതാക്കുകയും ഡയപ്പര്‍ റാഷസ് തടയുകയും ചെയ്യുന്നതിനാല്‍ ടാല്‍ക്കം പൗഡര്‍ ശിശു ഉല്‍പ്പന്നങ്ങളില്‍ വളരെക്കാലമായി ഉപയോഗിക്കിച്ചു പോരുന്നുണ്ട്. എന്നാല്‍ ഇതിലൂടെ ആസ്ബറ്റോസും ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്.