തിരുവനന്തപുരം: കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സിനിമാ പരസ്യത്തെ ആ നിലയില്‍ തന്നെ കണ്ടാല്‍ മതിയെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. സിനിമയുടെ പരസ്യത്തെ ആ നിലയ്ക്ക് അപ്പുറത്ത് എടുക്കേണ്ട ആവശ്യമില്ല.
ഏത് തരത്തിലാണെങ്കിലും അതിനെ സിനിമയുടെ പരസ്യം എന്ന നിലയില്‍ മാത്രം എടുത്താല്‍ മതി. ജനങ്ങളെ സംബന്ധിച്ചിടത്തോളം കേരളം ദീർഘകാലമായി നേരിടുന്ന ഈ പ്രശ്നം പരിഹരിക്കപ്പെടണം എന്നുള്ളതാണ്. പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായവും അത് തന്നെയാണ്. ശരിയായ രീതിയിലുള്ള അഴുക്ക് ചാല്‍ സംവിധാനം നമ്മുടെ നാട്ടില്‍ വേണം. എങ്കില്‍ മാത്രമേ റോഡുകള്‍ സംരക്ഷിക്കപെടുകയുള്ളുവെന്നും മന്ത്രി പറയുന്നു.
കേരളം ഉണ്ടായ അന്ന് മുതലുള്ള ഒരു പ്രശ്നമാണ് റോഡിലെ കുഴികള്‍ എന്നുള്ളത്. ആ പ്രശ്നത്തിന് പരിഹാരം കാണുക എന്നുള്ളത് നാടിന്റ ആവശ്യമാണ്. അതിന് എല്ലാ ജനങ്ങളും തയ്യാറായി നില്‍ക്കണം. സർക്കാർ എല്ലാ നിലയിലും പ്രവർത്തിക്കുന്നുവെന്ന അഭിപ്രായം ജനങ്ങള്‍ക്കുണ്ട്. പൊതുമരാമത്ത് വകുപ്പ് കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഏറെകാലം എന്നല്ല, കേരളം ഉണ്ടായ അന്ന് മുതല്‍ തേടുന്നതാണ് ഈ പ്രശ്നത്തിലുള്ള പരിഹാരം. സ്വാഭാവികമായും അതിന് ക്രിയാത്മക നിർദേശങ്ങളും ചർച്ചകളും. വിമർശനങ്ങളും വരും. ഇതൊരു സിനിമയുടെ പരസ്യം അല്ലേ.. അതിനെ ആ തരത്തില്‍ കണ്ടാല്‍ മതിയെന്നും മുഹമ്മദ് റിയാസ്‍ വ്യക്തമാക്കുന്നു.