വെല്ലിംഗ്ടണ്‍: ന്യുസീലന്‍ഡ് പേസ് ബൗളര്‍ ട്രന്റ് ബോള്‍ട്ടിനെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ ന്യുസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ട്വന്റി 20 ലീഗുകളില്‍ കളിക്കുന്നതിനുമാണ് ദേശീയ ടീമുമായുള്ള കരാര്‍ ഒഴിവാക്കാന്‍ ബോള്‍ട്ട് ആവശ്യപ്പെട്ടത്.
ബ്ലാക്ക് ക്യാപ്‌സിന് വേണ്ടി 12 വര്‍ഷം കളിച്ചാണ് 33കാരനായ ബോള്‍ട്ട് വഴിപിരിയുന്നത്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ന്യുസീലന്‍ഡ് ടീമിനൊപ്പമാണ് ബോള്‍ട്ട്. പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാകും പ്രഖ്യാപനം. കരാറില്‍ ഇല്ലെങ്കിലും അടുത്ത ട്വന്റി 20 ലോകകപ്പിന് ബോള്‍ട്ടിനെ പരിഗണിക്കുമെന്ന സൂചനയാണ് ന്യുസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നത്. നിലവില്‍ ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് ട്രെന്റ് ബോള്‍ട്ട്.
ബോള്‍ട്ടിന്റെ ആവശ്യം അംഗീകരിക്കുന്നതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കി. ”കോണ്‍ട്രാക്റ്റിലുള്ള ഒരു താരത്തെ നഷ്ടമാവുന്നതില്‍ വിഷമമുണ്ട്. എല്ലാവി ആശംസകളും.” വൈറ്റ് പറഞ്ഞു.
ന്യൂസിലന്‍ഡിനായി 78 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട് ബോള്‍ട്ട്. 317 വിക്കറ്റുകളാണ് സമ്പാദ്യം. 93 ഏകദിനങ്ങളില്‍ 169 വിക്കറ്റും വീഴ്ത്തി. 44 ടി20 മത്സരങ്ങള്‍ കിവീസിനായി കളിച്ചു. 62 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. 34 റണ്‍സ് നല്‍കി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിലാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം. ബോള്‍ട്ടും ടീമിനൊപ്പമുണ്ട്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളാണ് കിവീസ് വിന്‍ഡീസില്‍ കളിക്കുക. ഇന്നാണ് ആദ്യ ടി20.
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍, ഫിന്‍ അലന്‍, ട്രന്റ് ബോള്‍ട്ട്, മൈക്കല്‍ ബ്രേസ്‌വെല്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാഥം, ജയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ഡാരില്‍ മിച്ചല്‍.