കൊച്ചി; രാഷ്ട്രപതി ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്നും ഒരു വോട്ട് ലഭിച്ചതോടെ തന്നെ ചില അപ്രതീക്ഷിത കരുനീക്കങ്ങൾ ബിജെപി സംസ്ഥാനത്ത് ആരംഭിച്ചതായുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മുർമുവിന് ലഭിച്ച വോട്ട് അബദ്ധവശാൽ സംഭവിച്ചതാണോയെന്ന ചർച്ചകൾ ഇടതു വലത് മുന്നണികളിൽ സജീവമായപ്പോൾ കേരളത്തിൽ നിന്നുള്ള ഏക വോട്ട് ആയുധമാക്കുകയായിരുന്നു ബിജെപി ചെയ്തത്. മൂർമുവിന് ലഭിച്ച ഒരു വോട്ടിന് എതിർത്ത 139 വോട്ടിനേക്കാൾ മൂല്യമുണ്ടെന്നുമായിരുന്നു അന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്.
എന്തായാലും മുർമുവിന് അബദ്ധത്തിൽ ലഭിച്ചതല്ല ആ വോട്ട് എന്ന ചർച്ചകൾക്ക് കൂടുതൽ ശക്തി പകരുകയാണ് ഇപ്പോൾ എൻസികെ നേതാവ് മാണി സി കാപ്പൻറെ പ്രതികരണം. മുർമുവിന് വോട്ട് ചെയ്തത് മാണി സി കാപ്പനാണെന്നും ഉടൻ തന്നെ അദ്ദേഹം എൻഡിഎയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ചൂടുപിടിക്കുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരിച്ച് കാപ്പൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ബിജെപിയിലേക്ക് പോകാൻ പദ്ധതിയുണ്ടോയെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിന് ഇപ്പോൾ അക്കാര്യം പറയാൻ പറ്റില്ലെന്നും ഇത് രാഷ്ട്രീയമല്ലേയെന്നുമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. ‘രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരും, ഇത്രയും കാലം യുഡിഎഫിലുണ്ടായിരുന്ന ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു. ഇതൊക്കെ സ്വാഭാവികമാണ്’, എന്നാണ് മാണി സി കാപ്പൻ പ്രതികരിച്ചത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു എൽഡിഎഫ് ബന്ധം അവസാനിപ്പിച്ച് കാപ്പൻ യുഡിഎഫിൽ എത്തിയത്. എൽഡിഎഫിലേക്കെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു ഇത്. എൻസിപിയിൽ നിന്നും പടിയിറങ്ങിയ കാപ്പൻ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പാര്‍ട്ടി രൂപീകരിക്കുകയും പാലായില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജോസ് കെ മാണിക്കെതിരെ വൻ വിജയം നേടുകയും ചെയ്തു.
എന്നാൽ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷത്തുള്ള ജോസ് കെ മാണി പക്ഷത്തെ തിരികെ എത്തിക്കാനുള്ള കോൺഗ്രസിന്റെ നീക്കമാണ് ഇപ്പോൾ കാപ്പനെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിലായിരുന്നു കേരള കോൺഗ്രസ് എം അടക്കമുള്ള ഇടതുപക്ഷത്തെ അതൃപ്തരെ തിരികെ എത്തിക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. ജോസ് കെ മാണി യുഡിഎഫിലേക്ക് എത്തിയാൽ അത് പാലാ സീറ്റിന്റെ കാര്യത്തിൽ മാണി സി കാപ്പന് വീണ്ടും വെല്ലുവിളി തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിൽ കാപ്പൻ എൻഡിഎയിലേക്ക് പോകാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.
അതേസമയം മാണി സി കാപ്പനെ കൂടാതെ ചില കേരള കോൺഗ്രസ് നേതാക്കളെ കൂടി ലക്ഷ്യം വെച്ചുള്ള ചർച്ചകൾ ബിജെപി ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ബിജെപി ദേശീയ നേതൃത്വം രണ്ട് പ്രമുഖ സമുദായ സംഘടനകളുമായി ഉടൻ ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. കേരളത്തിൽ നിലവിൽ മധ്യകേരളത്തിലെ ക്രിസ്ത്യൻ വോട്ടുബാങ്ക് യുഡിഎഫും വിവിധ കേരള കോൺഗ്രസ് പാര്‍ട്ടികളും വീതിച്ചെടുക്കുന്ന നിലയാണുള്ളത്.വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാനായി കുറച്ചധികം കാലമായി ബിജെപി ശ്രമം തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ക്രൈസ്തവ സമൂഹത്തിലെ അതൃപ്തികൾ മുതലെടുത്ത് ഇടത്-വലത് മുന്നണികളിലെ ചില പ്രമുഖരെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളും ബി ജെ പിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഇക്കുറി കുറഞ്ഞത് ആറ് സീറ്റ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് ബി ജെ പി നടത്തുന്നത്. കേന്ദ്രമന്ത്രിമാർക്ക് അടക്കം മണ്ഡലങ്ങളുടെ ചുമതല നൽകി കൊണ്ടാണ് പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുന്നത്. വിജയം മാത്രം ലക്ഷ്യം വെച്ചുള്ള പോരാട്ടത്തിൽ ഇത്തവണ പതിവ് ബിജെപി മുഖങ്ങളായിരിക്കില്ല പാർട്ടിക്ക് വേണ്ടി കളത്തിലിറങ്ങിയേക്കുകയെന്നും പല അപ്രതീക്ഷിത മുഖങ്ങളും സ്ഥാനാർത്ഥികളായി എത്തുമെന്നും ബിജെപി നേതാക്കൾ സൂചന നൽകുന്നുണ്ട്.