സംവിധായകൻ മണിരത്‍നത്തിന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. മണിരത്‍നത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിരത്‍നത്തിന് ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളില്ലെന്നാണ് വിവരം. മണിരത്‍നത്തിന്റേതായി പൊന്നിയിൻ സെല്‍വൻ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിയമകുരുക്കിൽ ആയിരിക്കുകയാണ് ‘പൊന്നിയിൻ സെൽവൻ’. ചോള രാജക്കൻമാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മണിരത്നത്തിനും നടൻ വിക്രമിനും നോട്ടീസ് അയച്ചിരിക്കുകയാണ് അഭിഭാഷകൻ.