ന്യൂഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം നടത്തി ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചർച്ചയിൽ കൊണ്ടുവരുന്നതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഏകസിവിൽ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഏകസിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് കത്തയച്ചു. ബിജെപി പ്രകടന പത്രികയുടെ പ്രധാനഭാഗമാണ് ഏക സിവിൽ കോഡ് നടപ്പാക്കൽ. ഇത് ഉടൻ തന്നെ നടപ്പിലാകുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നൽകിയിരുന്നു.
ഏക സിവിൽകോഡിന്റെ കരട് തയ്യാറാക്കാൻ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഒരു കാരണവശാലും സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകർക്കാൻ അനുവദിക്കില്ല. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽവന്നാൽ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ ഉന്നതതല വിദഗ്ധ സമിതി രൂപീകരിക്കാനുള്ള നിർദേശത്തിന് ആദ്യ മന്ത്രിസഭാ യോഗം തന്നെ അനുമതി നൽകിയതായി ധാമി ശനിയാഴ്ച പറഞ്ഞിരുന്നു. സൗഹൃദാന്തരീക്ഷം തകർക്കുന്നതിനുള്ള പദ്ധതികളെ നേരിടുന്നതിന് ഉത്തരാഖണ്ഡിലേക്ക് വരുന്ന ആളുകളുടെ പൂർവ്വകാലം പരിശോധിക്കാൻ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃതസിവിൽ കോഡ് നടപ്പാക്കൽ.
ഏക സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും പറഞ്ഞു. ഉത്തരാഖണ്ഡ് സർക്കാരിന്റെ നിർദേശത്തിന് പിന്നാലെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. രാജ്യത്തും സംസ്ഥാനത്തും ഇത് അതിവേഗം നടപ്പാക്കുന്നത് ആലോചനയിലാണെന്നും കേശവപ്രസാദ് മൗര്യ പറഞ്ഞു.