ഇന്ത്യക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്;

0
76

ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള(WI vs IND ODIs 2022) 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്(West Indies ODI Squad). സീനിയര്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിനെ(Jason Holder) തിരിച്ചുവിളിച്ചതാണ് ശ്രദ്ധേയം. ബംഗ്ലാദേശിനെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ ത്രീ ഫോര്‍മാറ്റ് താരമെന്ന നിലയില്‍ ഹോള്‍ഡര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. പരമ്പരയില്‍ 3-0ന് വിന്‍ഡീസ് തോറ്റിരുന്നു.

‘സമകാലിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ജേസന്‍ ഹോള്‍ഡറുടെ തിരിച്ചുവരവ് സന്തോഷം നല്‍കുന്നതാണ്. വിശ്രമം കഴിഞ്ഞ് ഊര്‍ജസ്വലനായാണ് അദ്ദേഹം വരുന്നത്. മൈതാനത്തും പുറത്തും ഹോള്‍ഡറില്‍ നിന്ന് ഏറെ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. ബംഗ്ലദേശിനെതിരായ പരമ്പര ഏറെ കടുപ്പമേറിയതായിരുന്നു. ഇന്ത്യക്കെതിരെ ടീം ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്’ എന്നും വിന്‍ഡീസ് ചീഫ് സെലക്‌ടര്‍ ഡെസ്‌മണ്ട് ഹെയ്‌നസ് പറഞ്ഞു.

ബംഗ്ലാദേശിനെതിരായ സ്‌ക്വാഡിലുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെഫേഡ്, പേസര്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് എന്നിവരെ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളും കളിച്ച് ആകെ 10 ഓവര്‍ എറിഞ്ഞ ഷെഫേഡിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല. 15, 4, 19 എന്നിങ്ങനെയായിരുന്നു ബാറ്റിംഗ് സ്കോര്‍. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അരങ്ങേറി ആറ് വിക്കറ്റ് നേടിയ 27കാരന്‍ ഇടംകൈയന്‍ സ്‌പിന്നര്‍ ഗുഡകേഷ് മോട്ടീ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

വിന്‍ഡീസ് ഏകദിന സ്‌ക്വാഡ്: നിക്കോളാസ് പുരാന്‍(ക്യാപ്റ്റന്‍), ഷായ് ഹോപ്(വൈസ് ക്യാപ്റ്റന്‍), ഷമാര്‍ ബ്രൂക്‌സ്, കീസി കാര്‍ട്ടി, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിംഗ്‌, കെയ്‌ല്‍ മെയേര്‍സ്, ഗുഡകേഷ് മോട്ടീ, കീമോ പോള്‍, റോവ്‌മാന്‍ പവല്‍, ജെയ്‌ഡന്‍ സീല്‍സ്.

LEAVE A REPLY

Please enter your comment!
Please enter your name here