ന്യൂഡൽഹി: ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന് കേരളത്തിലാണ്. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ഥിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചര മാസങ്ങള്‍ക്ക് ശേഷം ജൂലായ് 16 ന് രാജ്യത്ത് ആകെ കൊവിഡ് രോഗികള്‍ പത്ത് ലക്ഷം കടന്നു. മാത്രമല്ല, ലോകത്തില്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയ്ക്കും ബ്രസീലിനും പിന്നാലെ മൂന്നാമത് ഇന്ത്യയും എത്തി.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച് 58 ദിവസങ്ങള്‍ക്ക് ശേഷമാണ് 1,000 കൊവിഡ് കേസുകളിലേയ്ക്ക് ഇന്ത്യ എത്തിയത്. 10,000 കേസുകള്‍ പൂര്‍ത്തിയാക്കിയത് അടുത്ത 16 ദിവസങ്ങള്‍ക്കുള്ളിലാണ്. അടുത്ത 35 ദിവസങ്ങള്‍ കൊണ്ട് 1,00,000 കൊവിഡ് കേസുകൾ തികഞ്ഞു.കൊവിഡ് കേസുകള്‍ ഉയരാന്‍ രാജ്യത്ത് അധികം സമയം വേണ്ടിവന്നില്ല.മാര്‍ച്ച് 25 ന് രാജ്യമെമ്പാടും അടച്ചിടല്‍ നടപ്പാക്കുമ്പോള്‍ ആകെ 571 കൊവിഡ് കേസുകളും വെറും 10 മരണങ്ങളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 68 ദിവസങ്ങളിലെ കടുത്ത നിയന്ത്രണങ്ങള്‍ക്കു ശേഷം, മെയ് 31 ന് 1,90,648 കൊവിഡ് കേസുകളും 5,408 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചെന്നതാണ് അടച്ചിടല്‍ കൊണ്ടുണ്ടായ പ്രധാന ഗുണം.ഈ സമയത്തിനിടെ ആരോഗ്യ- മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു.